ആരാധനാലയങ്ങള്‍ തുറക്കല്‍: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും വാക്‌പോരില്‍

ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് മാറ്റിവയ്ക്കുന്നതിന് നിങ്ങള്‍ക്ക് എന്തെങ്കിലും ദിവ്യ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ അല്ലെങ്കില്‍ നിങ്ങള്‍ വെറുക്കപ്പെട്ട ഒരു പദമായ 'മതേതര'മായി മാറിയോ എന്ന് ഞാന്‍ ചിന്തിക്കുന്നു' എന്നായിരുന്നു ഭഗത് സിംഗ് കോശ്യാരി എഴുതിയത്.

Update: 2020-10-13 08:23 GMT

മുംബൈ: സംസ്ഥാനത്ത് കൊവിഡ് കാരണം അടച്ചിട്ട ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയും തമ്മില്‍ രൂക്ഷമായ വാക്‌പോര്. 'താങ്കള്‍ വീണ്ടും മതേതരനായി മാറിയോ' എന്ന് ചേദിച്ചു കൊണ്ട് ഗവര്‍ണര്‍ ഉദ്ദവ് താക്കറെക്ക് കത്തെഴുതി. നടി കങ്കണ റൗത്തുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചും മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ട് ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നതായി ഉടന്‍ തന്നെ പ്രഖ്യാപിക്കണമെന്നും കത്തില്‍ ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

'നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ശക്തമായ വോട്ടര്‍ ആയിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോധ്യ സന്ദര്‍ശിച്ചുകൊണ്ട് ശ്രീരാമനോടുള്ള നിങ്ങളുടെ ഭക്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാണ്ഡാര്‍പൂരിലെ വിത്തല്‍ രുക്മിണി മന്ദിര്‍ സന്ദര്‍ശിക്കുകയും ഏകാദശിയില്‍ പൂജ നടത്തുകയും ചെയ്തു,' കോശാരി എഴുതി . എന്നാല്‍, 'ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് മാറ്റിവയ്ക്കുന്നതിന് നിങ്ങള്‍ക്ക് എന്തെങ്കിലും ദിവ്യ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ അല്ലെങ്കില്‍ നിങ്ങള്‍ വെറുക്കപ്പെട്ട ഒരു പദമായ 'മതേതര'മായി മാറിയോ എന്ന് ഞാന്‍ ചിന്തിക്കുന്നു' എന്നായിരുന്നു ഭഗത് സിംഗ് കോശ്യാരി എഴുതിയത്. ജൂണ്‍ എട്ടിന് ദില്ലിയിലും ജൂണ്‍ അവസാനത്തോടെ മറ്റ് നഗരങ്ങളിലും ആരാധനാലയങ്ങള്‍ വീണ്ടും തുറന്നതായും അദ്ദേഹം മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. അതുകാരണം അവിടങ്ങളില്‍ കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

തന്റെ ഹിന്ദുത്വത്തിന് ഗവര്‍ണറുടെയോ ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇതിനു നല്‍കിയ മറുപടി.

ക്ഷേത്രങ്ങള്‍ വീണ്ടും തുറക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നത് തന്റെ മതേതരത്വവുമായി ബന്ധപ്പെട്ടുള്ള ചോദ്യമല്ലെന്ന് താക്കറെ ഗവര്‍ണറെ ഓര്‍മ്മിപ്പിച്ചു. ഗവര്‍ണര്‍ സ്വന്തം സത്യപ്രതിജ്ഞയിലെ വാക്കുകള്‍ മറന്നോ എന്നും താക്കറെ ചോദിച്ചു.

Tags:    

Similar News