വായ്പക്കാരെ ഉപദ്രവിച്ചാല്‍ നടപടി; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ

Update: 2026-02-13 11:08 GMT

മുംബൈ: വായ്പ തിരിച്ചടക്കാത്തവരെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന രീതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബാങ്കുകളുടെ കടുത്ത വീണ്ടെടുക്കല്‍ നടപടികള്‍ ഭയന്ന് നിരവധി പേര്‍ ജീവനൊടുക്കിയെന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ബാങ്കിന്റെ ഇടപെടല്‍. വായ്പ തിരിച്ചുപിടിക്കുന്നതിനായി ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന കരട് മാര്‍ഗനിര്‍ദേശം ആര്‍ബിഐ പുറത്തിറക്കി. മാര്‍ഗനിര്‍ദേശം ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

കരട് നിര്‍ദേശങ്ങള്‍ പ്രകാരം, ഉപഭോക്താക്കളുടെ പരാതികള്‍ ആദ്യം പരിഹരിച്ചതിന് ശേഷമേ വീണ്ടെടുക്കല്‍ നടപടികള്‍ ആരംഭിക്കാവൂ. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനുള്ള കാരണങ്ങള്‍ ബാങ്കുകള്‍ മനസിലാക്കുകയും ആവശ്യമായാല്‍ ആശ്വാസ നടപടികള്‍ പരിഗണിക്കുകയും വേണം. വായ്പ വീണ്ടെടുക്കല്‍ ചുമതലപ്പെടുത്തിയ റിക്കവറി ഏജന്റിന്റെ വിവരങ്ങള്‍ ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഭീഷണിപ്പെടുത്തല്‍, അധിക്ഷേപം, അപമാനകരമായ സന്ദേശങ്ങള്‍ എന്നിവയ്ക്ക് വ്യക്തമായ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ വഴിയുള്ള അനുചിതമായ ബന്ധപ്പെടലുകള്‍ അനുവദനീയമല്ല. വായ്പയെടുത്തവരുടെ ബന്ധുക്കള്‍, സുഹൃത്തുകള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെ ഉപദ്രവിക്കരുതെന്നും കരട് രേഖയില്‍ വ്യക്തമാക്കുന്നു. വായ്പ തിരിച്ചടക്കാത്തവരെ ബന്ധപ്പെടാനുള്ള സമയക്രമവും ആര്‍ബിഐ നിശ്ചയിച്ചിട്ടുണ്ട്. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴു വരെ മാത്രമേ ബാങ്കുകള്‍ക്കും ഏജന്റുമാര്‍ക്കും ബന്ധപ്പെടാന്‍ പാടുള്ളൂ. കടം വാങ്ങിയവരും ഗ്യാരന്റിയായി നിന്നവരും ഒഴികെ മറ്റാരെയും സമീപിക്കാന്‍ അനുവാദമില്ല.

മരണം, വിവാഹം തുടങ്ങിയ കുടുംബ ചടങ്ങുകളുള്ള വീടുകളില്‍ വീണ്ടെടുക്കല്‍ നടപടികള്‍ക്കായി എത്തുന്നത് ഒഴിവാക്കണം. ചില സാഹചര്യങ്ങളില്‍ നേരില്‍ കാണാന്‍ താല്‍പര്യമില്ലെന്ന് ഉപഭോക്താവ് അറിയിച്ചാല്‍ അത് മാനിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി. ബാങ്കിങ് മേഖലയില്‍ ഉപഭോക്തൃാവകാശ സംരക്ഷണത്തിന് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ണായകമായ ചുവടുവപ്പായി വിലയിരുത്തപ്പെടുന്നു.

Tags: