ഇന്ത്യന്‍ വംശജന്‍ റഷീദ് ഹുസൈന്‍ അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം അംബാസിഡര്‍
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍ ഇന്ത്യന്‍- അമേരിക്കന്‍ അറ്റോര്‍ണിയായ റഷീദ് ഹുസൈനെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം അംബാസിഡറായി നിയമിച്ചു. ഈ പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ മുസ് ലിമാണ് ഹുസൈന്‍. വൈറ്റ് ഹൗസാണ് സുപ്രധാനമായ ഈ നിയമനവാര്‍ത്ത പുറത്തുവിട്ടത്.
നിലവില്‍ ഹുസൈന്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ കീഴിലുള്ള പാര്‍ട്ട്‌നര്‍ഷിപ്പ് ആന്റ് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റിന്റെ ഡയറക്ടറാണ്. 41 വയസ്സാണ്.
വിവിധ മത, വിശ്വാസ വിഭാഗങ്ങളില്‍ നിന്നുള്ളവരുമായി ഭരണകൂടത്തെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നിയമനമെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റിന്റെ ദേശീയ സുരക്ഷാ ഡിവിഷനില്‍ മുതിര്‍ന്ന കൗണ്‍സലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒബാമയുടെ കാലത്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോര്‍പറേഷനില്‍ പ്രത്യേക പ്രതിനിധിയായിരുന്നു. സ്റ്റ്രാറ്റജിക് കൗണ്ടര്‍ ടെററിസം കമ്യൂണിക്കേഷനിലും ഡപ്യൂട്ടി അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്നു.
ഇസ് ലാമിക് കോര്‍പറേഷന്‍, യുഎന്‍, വിദേശ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട സംഘടനകള്‍, പൗരാവകാശ സംഘടനകള്‍, വിദ്യാഭ്യാസ സംഘടനകള്‍, വ്യവസായ, ആരോഗ്യ, അന്തര്‍ദേശീയ സുരക്ഷ, ശാസ്ത്ര-സാങ്കേതിക സംഘടനകള്‍ എന്നീ മേഖലയിലും പ്രവര്‍ത്തി പരിചയമുണ്ട്.
സെമിറ്റിക് വിരുദ്ധതയും മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷപ്രശ്‌നവും കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഹുസൈന്‍ അമേരിക്കന്‍ താല്‍പര്യങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ വിദഗ്ധനായാണ് കരുതുന്നത്.
യേല്‍ ലൊ സ്‌കൂളില്‍ നിന്നാണ് ഡോക്ടര്‍ ബിരുദം നേടിയത്. യേല്‍ ലൊ ജേര്‍ണലില്‍ എഡിറ്ററായിരുന്നു. പൊതുഭരണത്തില്‍ കെന്നഡി സ്‌കൂളില്‍ നിന്ന് മാസ്റ്റേഴ്‌സ് നേടി. ഇസ് ലാമിക്, അറബിക്ക് പഠനത്തില്‍ ഹാര്‍വാര്‍ഡില്‍നിന്ന് ബിരുദം നേടിയിട്ടുമുണ്ട്.
ജോര്‍ജ് ടൗണ്‍ സെന്ററില്‍ പ്രഫസറാണ്. ഉറുദു, അറബിക്, സ്പാനിഷ് ഭാഷകളില്‍ വിദഗ്ധന്‍.
ബൈഡന്‍ ഭരണകൂടം പാകിസ്താനി അമേരിക്കനായ കൈസര്‍ ഖാനെ നേരത്തെ യുണൈറ്റഡ് സ്റ്റേറ്റ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം കമ്മീഷണറായി നിയമിച്ചിരുന്നു.

