തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന, മനപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമം: റാപ്പര്‍ വേടന്‍
കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന തന്നെയെന്ന് റാപ്പര്‍ വേടന്‍. മനപൂര്‍വ്വം കോസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും വേടന്‍ പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം. കേസ് കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് റാപ്പര്‍ വേടന്റെ സഹോദരന്‍ ഹരിദാസ് വ്യക്തമാക്കിയിരുന്നു.വേടന്‍ എപ്പോഴും സംസാരിക്കുന്നത് അയ്യങ്കാളിയെ പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളെ കുറിച്ചാണെന്നും അത് ഇഷ്ടമില്ലാത്ത ആരൊക്കെയോ വേടനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും വേടന്റെ കുടുംബം പറയുന്നു. തനിക്കെതിരെ ഗുരുതരമായ ഗൂഢാലോചന നടക്കുന്നതായി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ വേടന്‍ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയ്ക്കുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വേടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആരോപണങ്ങള്‍ മൂലം വേടന്‍ വലിയ രീതിയില്‍ മാനസിക പ്രയാസം അനുഭവിക്കുന്നുണ്ടെന്നും അന്വേഷണം ഉടന്‍ നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അതേ സമയം, ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ അവസാനിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടന്‍ പറഞ്ഞിരുന്നു. അതേസമയം, ആദ്യമായാണ് ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നതെന്നും പരാതി കൊടുത്തതിനു ശേഷം പൊലിസ് ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പരാതികള്‍ വരുന്നതെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

