റഫേല്‍ ഇടപാടില്‍ കൈക്കൂലി നല്‍കി; പുതിയ തെളിവുമായി ഫ്രഞ്ച് ഓണ്‍ലൈന്‍ ജേണല്‍
ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനക്കരാര്‍ ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്നതിന് പുതിയ തെളിവുകള്‍ പുറത്തുവിട്ട് ഫ്രഞ്ച് ഓണ്‍ലൈന്‍ ജേണല്‍ മീഡിയപാര്‍ട്ട്. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച വാര്‍ത്ത ജേണല്‍ പുറത്തുവിട്ടത്. 59,000 കോടി രൂപയുടെ കരാര്‍ ലഭിക്കാന്‍ ഇടനിലക്കാരന്‍ വഴി 7.5 ദശലക്ഷം യൂറോ കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. 36 റഫേല്‍ വിമാനങ്ങളാണ് ഫ്രഞ്ച് യുദ്ധവിമാന നിര്‍മാതാക്കളായ ദസാള്‍ട്ട് ഏവിയേഷനില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ കരാറാക്കിയത്.
കരാര്‍ നല്‍കിയതിന് തെളിവുകള്‍ പുറത്തുവന്നെങ്കിലും കേസുമായി മുന്നോട്ട് പോകേണ്ടെന്നാണ് ഇന്ത്യ തീരുമാനിച്ചതെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വ്യാജ ഇന്‍വോയ്‌സുകളിലൂടെയാണ് പണം കൈപ്പറ്റിയതെന്നും സൂചനയുണ്ട്.
''ഇതില്‍ നിരവധി വിദേശ കമ്പനികള്‍ ഇടപെട്ടിട്ടുണ്ട്. വ്യാജ കരാറുകളും ഇന്‍വോയ്‌സുകളും ഉപയോഗിച്ചിരുന്നു. പണം നല്‍കിയതിനുള്ള തെളിവുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ അന്വേഷിക്കുന്ന സിബിഐക്കും ഇ ഡിക്കും ലഭിച്ചിട്ടുണ്ട്. 2018ല്‍ത്തന്നെ അതിനുള്ള തെളിവുകള്‍ ലഭിച്ചതാണ്. ഇടനിലക്കാരനായ സുസെന്‍ ഗുപ്ത വഴി 7.5 ദശലക്ഷം യുറോയാണ് കമ്പനി നല്‍കിയത്''- മീഡിയപാര്‍ട്ട് പറയുന്നു.
കൈക്കൂലിക്കേസ് അന്വേഷിക്കാന്‍ ഫ്രഞ്ച് ജഡ്ജിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചതായി അഞ്ച് മാസം മുമ്പ് മീഡിയപാര്‍ട്ട് റിപോര്‍ട്ട് ചെയ്തിരുന്നു.
കരാര്‍ ലഭിക്കാന്‍ ഇടനിലക്കാരനായി നിന്ന സുസെന്‍ ഗുപ്തക്ക് വിമാനക്കമ്പനിയായ ദസാല്‍ട്ടും അവരുടെ വ്യാപാര പങ്കാളിയായ തെയ്ല്‍സും ചേര്‍ന്ന് പണം കൈമാറിയെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ജേണല്‍ ആരോപിക്കുന്നത്.
ഏപ്രിലില്‍ വന്ന റിപോര്‍ട്ട് അനുസരിച്ച് പണത്തിന്റെ ഭൂരിഭാഗവും 2013ലാണ് കൈമാറിയത്. സുസെന്‍ ഗുപ്തയുടെ അക്കൗണ്ടില്‍ 'ഡി' എന്ന പേരില്‍ ചേര്‍ത്ത എന്‍ഡ്രി ഈ കൈക്കൂലിയാണ്. ദസാള്‍ട്ട് എന്നതിന് പകരം ചേര്‍ക്കുന്നതാണ് ഇത്. 'ഡി' 14.6 ദശലക്ഷം യൂറോ സിങ്കപ്പൂരിലെ ഇന്റര്‍ദേവിന് 2004-2013 കാലയളവില്‍ നല്‍കിയെന്നാണ് കണക്കില്‍ കാണുന്നത്.
ഇന്റര്‍ദേവ് എന്നത് ഗുപ്തയുടെ കുടുംബം ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന ഷെല്‍ കമ്പനിയാണ്.
2004-2008 കാലയളവില്‍ മറ്റൊരു എന്‍ഡ്രിയുമുണ്ട്. തെയ്ല്‍സ് മറ്റൊരു ഷെല്‍ കമ്പനിക്ക് 2.4 യൂറോ സമാനമായ രീതിയില്‍ കൈമാറിയിരിക്കുന്നു.
റഫേലിന്റെ 50 പതിപ്പുകള്‍ നിര്‍മിക്കാന്‍ ദസാള്‍ട്ട്, ഗുപ്തക്ക് 1 ദശലക്ഷം രൂപ നല്‍കിയതായ മറ്റൊരു റിപോര്‍ട്ടും മീയിയപാര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം നടത്തിയെങ്കിലും ഈ മോഡലുകള്‍ നിര്‍മിച്ചതിന് തെളിവ് ലഭിച്ചില്ല.
8,700 ദശലക്ഷം ഡോളര്‍ മുടക്കി 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ദസാള്‍ട്ടുമായി ഇന്ത്യ കരാര്‍ ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഏപ്രില്‍ 2015നായിരുന്നു. പക്ഷേ, ഒരു വര്‍ഷത്തിനുശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. അതോടെ മുന്‍ സര്‍ക്കാരിന്റെ വിമാനക്കരാര്‍ റദ്ദായി. 126 റഫേല്‍ വിമാനങ്ങളും 108 മറ്റ് വിമാനങ്ങളും വാങ്ങാനായിരുന്നു മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
റഫേല്‍ കരാര്‍ പുറത്തുവന്നതോടെ അതൊരു വിവാദമായി മാറി. ഇപ്പോള്‍ റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത് 1,670 കോടി രൂപക്കാണെന്നും നേരത്തെ ധാരണയായത് 526 കോടി രൂപക്കാണെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണം. മാത്രമല്ല, മുന്‍ കരാറില്‍ വിമാനം മാത്രമല്ല, സാങ്കേതികവിദ്യ കൈമാറ്റം കൂടിയുണ്ടായിരുന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിമാനത്തോടൊപ്പം സാങ്കേതിക വിദ്യ കൈമാറാന്‍ പുതിയ കരാറില്‍ വ്യവസ്ഥയില്ല.
യുദ്ധ വിമാന ഇടപാടില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. പ്രധാനമന്ത്രി നേരിട്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ, സര്‍ക്കാര്‍ വഴങ്ങിയില്ല.

