'ലിഫ്റ്റ് തരാമെന്നു പറഞ്ഞു ബൈക്കില്‍ കയറ്റി'; വിധവയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി
അഹമ്മദാബാദ്: ലിഫ്റ്റ് തരാമെന്നു പറഞ്ഞ് ബൈക്കില്‍ കയറ്റിയ ശേഷം 50കാരിയായ വിധവയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മൂന്നു മല്‍സ്യത്തൊഴിലാളികളെ പോലിസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ തീരദേശ പട്ടണമായ ഉനയിലാണ് സംഭവം.
കഴിഞ്ഞ ആഴ്ച മാണ്ഡവി ചെക്ക്‌പോസ്റ്റില്‍നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് സ്ത്രീയെ പ്രതികള്‍ ബൈക്കില്‍ കയറ്റിയത്. രണ്ടു ബൈക്കുകളിലായി എത്തിയ സംഘം സ്ത്രീയെ ഇറക്കാമെന്നു പറഞ്ഞ് ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ വീണ്ടും അതിക്രമം നടന്നതായി എഫ്ഐആറില്‍ പറയുന്നു.
ശരീരവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സ്ത്രീയുടെ കുടുംബം ഉനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കിടെ സ്ത്രീ ഡോക്ടര്‍മാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ആശുപത്രി മെഡിക്കോലീഗല്‍ കേസ് (എംഎല്‍സി) രജിസ്റ്റര്‍ ചെയ്ത് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം പുറത്തറിയിച്ചാല്‍ അപായപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് നവബന്ധര്‍ മറൈന്‍ പോലിസ് സ്റ്റേഷനില്‍ കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.
