പീഡനക്കേസ്;വിജയ് ബാബുവിനെതിരായ ഹരജി തള്ളി സുപ്രിംകോടതി

ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി

Update: 2022-07-06 08:31 GMT
ന്യൂഡല്‍ഹി:പീഡനക്കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.ജഡ്ജിമാരായ ഇന്ദിര ബാനര്‍ജി, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിറക്കിയത്.

അതേസമയം, ജാമ്യ വ്യവസ്ഥകളില്‍ സുപ്രിംകോടതി മാറ്റം വരുത്തി. ഇതുപ്രകാരം വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാന്‍ കഴിയില്ല. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനും വിലക്കുണ്ട്.ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യല്‍ പാടുള്ളൂ എന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥയിലും മാറ്റം വരുത്തി.ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ വീണ്ടും പോലിസിന് ചോദ്യം ചെയ്യാമെന്ന് ഉത്തരവില്‍ പറയുന്നു. അതിജീവതയെ അധിക്ഷേപിക്കാന്‍ പാടില്ല, തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളും മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമാക്കി.

വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഇന്നലെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇന്ന് കേസ് പരിഗണിച്ചത്.



Tags:    

Similar News