സംസ്ഥാന എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി; വിശ്വനാഥ് വിനോദിനും തോമസ് ബിജു ചീരംവേലിനും ഒന്നും രണ്ടും റാങ്കുകള്‍
തൃശൂര്‍: സംസ്ഥാനത്തെ എന്‍ജിനിയറിങ് കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.
ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദ് ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലില്‍ രണ്ടാം റാങ്കും കൊല്ലം സ്വദേശി നവജ്യോത് ബി കൃഷ്ണന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. എല്ലാ വിജയികള്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.
ആകെ 50,858 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 24,834 പേര്‍ പെണ്‍കുട്ടികളും 26,024 പേര്‍ ആണ്‍ കുട്ടികളുമാണ്. ആദ്യ അയ്യായിരം റാങ്കില്‍ സംസ്ഥാന സിലബസ്സില്‍ നിന്ന് 2,215 പേരും കേന്ദ്ര സിലബസ്സില്‍ നിന്ന് 2,568 പേരും യോഗ്യത നേടി.
HSE-കേരള 2,215 , AISSCE (CBSE) 2,568, ISCE(CISCE) 178 , മറ്റുള്ളവ 39 എന്നിങ്ങനെയാണ് ആദ്യ അയ്യായിരം റാങ്കുകള്‍. ആദ്യ ആയിരം റാങ്കില്‍ ഏറ്റവും കൂടുതല്‍ യോഗ്യത നേടിയിരിക്കുന്നത് എറണാകുളം ജില്ലയും രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്.
ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷാ സ്‌കോര്‍ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയത്. വിവിധയിടങ്ങളിലായി 346 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
