ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് രമ്യ ഹരിദാസ് എംപി

Update: 2020-06-07 15:43 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് രമ്യ ഹരിദാസ് എം പി ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടു.

പൊതുജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ പൊതുമേഖലാ ബാങ്കിങ് സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ സ്വകാര്യവത്കരണത്തോടുകൂടി നഷ്ടപ്പെടുമെന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ അകലുന്നത് വന്‍തോതിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും എം പി കൂട്ടിചേര്‍ത്തു.

1969ല്‍ ദേശസാല്‍കൃത ബാങ്കുകളാക്കി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ തുടങ്ങി വച്ച നടപടിയില്‍നിന്ന് പിന്നോട്ട് പോകരുതെന്നും പൊതുമേഖലാ ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും ധനമന്ത്രിക്കും കേന്ദ്ര ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജയന്ത് സിന്‍ഹക്കുമുള്ള കത്തില്‍ രമ്യ ഹരിദാസ് പറഞ്ഞു. 

Tags: