രാമേശ്വരം കഫേയിൽ നിന്നും പഴകിയ ഉഴുന്ന് കണ്ടെത്തി; പരസ്യമായി ക്ഷമചോദിച്ച് സഹസ്ഥാപകൻ

Update: 2024-05-30 08:56 GMT

ഹൈദരാബാദ്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഫുഡ് ചെയിന്‍ നെറ്റ്‌വര്‍ക്കായ രാമേശ്വരം കഫേയില്‍ നിന്നും പഴകിയ ഉഴുന്ന് കണ്ടെത്തിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് സഹസ്ഥാപകന്‍. തെലങ്കാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ ഉഴുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥാപനത്തിന്റെ സ്ഥാപകരില്‍ ഒരാളായ രാഘവേന്ദ്ര റാവു ക്ഷമചോദിച്ച് രംഗത്തെത്തുകയായിരുന്നു.

ഏറ്റവും മികച്ച ഉല്‍പന്നങ്ങളാണ് ജനങ്ങള്‍ക്ക് എപ്പോഴും നല്‍കാറുള്ളത്. ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കാന്‍ ഏറ്റവും നല്ല ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു തെറ്റുപറ്റി. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ മാതൃക പിന്തുടര്‍ന്ന് ഇതിന് ജനങ്ങളോട് ക്ഷമ ചോദിക്കുകയാണെന്ന് റാവു പറഞ്ഞു.

ആഗോളതലത്തില്‍ വളരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇത്തരമൊരു ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ട് പോകുമ്പോള്‍ ഒരു തെറ്റ്‌പോലും വരുത്താന്‍ പാടില്ലെന്ന് അറിയാം. ഇത് ഞങ്ങള്‍ക്കൊരു പാഠമാണ്. ഒരു സ്‌റ്റെപ്പിലും തെറ്റ് സംഭവിക്കരുതെന്ന് കൂടയുള്ള ജീവനക്കാരോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈദരാബാദിലെ മാധാപൂരില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ 100 കിലോ ഉഴുന്ന്, 10 കിലോ തൈര്, എട്ട് ലിറ്റര്‍ പാല്‍ എന്നിവ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഈ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് രാമേശ്വരം കഫേ മാനേജ്‌മെന്റ് ഉത്തരവിട്ടിരുന്നു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Tags: