കെ കെ രമ സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേയുള്ള പ്രതീകമെന്ന് രമേശ് ചെന്നിത്തല

Update: 2021-03-16 12:54 GMT

തിരുവനന്തപുരം: വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് കെ കെ രമയെന്ന് രമേശ് ചെന്നിത്തല. കേരള രാഷ്ട്രീയത്തില്‍ കെ കെ രമ ഒരു പ്രതീകമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഫെയ്‌സ് ബുക്കില്‍ എഴുതി കുറിപ്പിലാണ് കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്് ചെന്നിത്തലയുടെ പ്രതികരണം.

''കെ.കെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് അവര്‍. നേതൃത്വത്തിന്റെ നിലപാടുകളിലും സ്വന്തം പാര്‍ട്ടിയുടെ അപചയത്തിലും പ്രതിഷേധിച്ചാണ് ടി.പി ചന്ദ്രശേഖരന്‍ ആര്‍ എം പി എന്ന പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയത്. ഭരണഘടന നല്‍കിയ ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കുകയാണ് സിപിഎം എന്ന കൊലയാളി പാര്‍ട്ടി ചെയ്തത്.''- ചെന്നിത്തല എഴുതി. 

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെ നേരിടാന്‍ തീരുമാനിച്ച് ടി പിയുടെ ഭാര്യ കടന്നുവരുമ്പോള്‍ യുഡിഎഫിന് അവരെ പിന്തുണയ്ക്കാതിരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. അത് യുഡിഎഫിന്റെ ജനാധിപത്യപരമായ ബാധ്യതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വടകരയില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാവുമെന്ന് നേരത്തെത്തന്നെ സൂചനയുണ്ടായിരുന്നെങ്കിലും താന്‍ മല്‍സരിക്കാനില്ലെന്ന് രമ പറഞ്ഞതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം തൃശങ്കുവിലായി. ഇന്ന് രാവിലെ രമതന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് വിശദീകരണം വന്നതോടെയാണ് ചിത്രം വ്യക്തമായത്.

Tags:    

Similar News