എംഎം മണിയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി; മോശം പദപ്രയോഗം നടത്താന്‍ പിണറായി പ്രോല്‍സാഹനം നല്‍കുന്നുവെന്നും ചെന്നിത്തല

സിപിഎമ്മിനെ വിമര്‍ശിക്കാന്‍ നാവു പൊങ്ങാത്ത അവസ്ഥയിലാണ് സിപിഐ

Update: 2022-07-17 11:47 GMT

തിരുവനന്തപുരം: സിപിഎമ്മിനെ വിമര്‍ശിക്കാന്‍ നാവു പൊങ്ങാത്ത അവസ്ഥയിലാണ് സിപിഐ എന്ന് രമേശ് ചെന്നിത്തല. ഇതാണ് സിപിഐയുടെ ഏറ്റവും വലിയ ഗതികേടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല പറഞ്ഞു. അസഹിഷ്ണുതയുടെയും അഹങ്കാരത്തിന്റെയും ഭാഷ സംസാരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു.

'എം എം മണിയുടെ പുറകില്‍ മുഖ്യമന്ത്രിയുണ്ട്. അതുകൊണ്ടാണ് എംഎം മണി മോശം പദപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് തടയാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ അതിന് പ്രോത്സാഹനം കൊടുക്കുന്നു. അഹങ്കാരത്തിന് ഒരുപരിധിയുണ്ട്. കേരളത്തില്‍ പല മുഖ്യമന്ത്രിമാരും നാട് ഭരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യങ്ങളോട് അസഹിഷ്ണുതയുണ്ടാകും, പക്ഷെ ഇതുപോലെ അഹങ്കാരത്തിന്റെയും അസഹിഷ്ണുതയുടെയും ഭാഷ സംസാരിച്ച ഒരു മുഖ്യമന്ത്രിയെ ആദ്യമായാണ് കാണുന്നത്. രമയ്ക്ക് നേരെയുണ്ടായിട്ടുള്ള പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തിന് തന്നെ അപമാനകരമായ ഒന്നാണ്. ആനി രാജ പറഞ്ഞതിനെ പാര്‍ട്ടി പോലും പിന്തുണക്കുന്നില്ല. സിപിഐയുടെ ഗതികേട് എന്നാണ് ഇതേകുറിച്ച് പറയാനുള്ളത്. സിപിഎമ്മിനെ വിമര്‍ശിക്കാന്‍ നാവു പൊങ്ങാത്ത അവസ്ഥയിലാണ് സിപിഐ എന്ന പാര്‍ട്ടി. ഇതാണ് ഇന്ന് കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ ദുര്യോഗം. ഇതിനെതിരായ ശക്തമായ നിലപാട് സ്വീകരിച്ച് യുഡിഎഫ് മുന്നോട്ട് പോകും', ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവ് ആശങ്കാജനകമാണ്. വില വര്‍ധനവ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്ടി വര്‍ധിക്കുന്നതോടെ കുടുംബ ബജറ്റ് താളം തെറ്റും. ജിഎസ്ടി കൂട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കടന്ന കൈയായി പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    

Similar News