പ്രിയപ്പെട്ടവര്‍ കൂടെയില്ലാത്ത റമദാന്‍ : വേദനകളും പ്രതീക്ഷകളും പങ്കുവെച്ച് രാഷ്ട്രീയ തടവുകാരുടെ ബന്ധുക്കള്‍

തന്റെ മകനെ കുറിച്ചും നേരിന്റെ മാര്‍ഗത്തിലെ ഈ പോരാട്ടത്തില്‍ അണിനിരക്കുന്ന മറ്റുള്ള എല്ലാവരെ കുറിച്ചും അഭിമാനമുണ്ടെന്ന് ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ മാതാവ് ജഹാന്‍ ആര പറഞ്ഞു.

Update: 2021-04-28 00:53 GMT

നൂഡല്‍ഹി: ' തെറ്റായ ഒരു ഭരണകൂടത്തിന് എതിരെ പോരാടാന്‍ എഴുന്നേറ്റു നിന്നവരില്‍ ഒരാളാണ് എന്റെ മകനെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.' ഡല്‍ഹി വംശഹത്യയ്യുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ ഖാലിദിന്റെ പിതാവ് സയ്യിദ് ഖാസിം റസൂല്‍ ഇല്യാസിന്റെതാണ് ഈ വാക്കുകള്‍. എസ്.ഐ.ഒ ' സബ് യാദ് രഖാ ജായേഗാ' എന്ന പേരില്‍ സംഘടിപ്പിച്ച ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ തടവുകാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റമദാന്‍ മാസം തങ്ങളുടെ പ്രിയപ്പെട്ടവരുടെ അഭാവത്തിലായതിന്റെ വേദനയിലും നീതി ലഭിക്കും വരെ പോരാടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ' ഈ റമദാനില്‍ അവന്റെ അഭാവം ഞങ്ങളെ വേദനപ്പിക്കുന്നു.എന്നാല്‍ അവന്‍ അവിടെയുള്ളത് നേരിന്റെ മാര്‍ഗത്തിലാണ് എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ' ഇല്യാസ് കൂട്ടിച്ചേര്‍ത്തു.


തന്റെ മകനെ കുറിച്ചും നേരിന്റെ മാര്‍ഗത്തിലെ ഈ പോരാട്ടത്തില്‍ അണിനിരക്കുന്ന മറ്റുള്ള എല്ലാവരെ കുറിച്ചും അഭിമാനമുണ്ടെന്ന് ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ മാതാവ് ജഹാന്‍ ആര പറഞ്ഞു. ' അവനെപ്പോഴും ചിരിച്ചു കൊണ്ടേ സംസാരിക്കാറുള്ളൂ. ' അവര്‍ പറഞ്ഞു. രാജ്യത്തിന് ആവശ്യമായ കാര്യമാണ് തന്റെ മകന്‍ ചെയ്തതെന്ന് ആസിഫിന്റെ പിതാവ് പറഞ്ഞു. ജാമിയ മില്ലിയ ഇസ്ലാമിയയില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് ആസിഫ്.


ആരുടേയും പിന്തുണയില്ലാതെ ജയിലില്‍ കഴിയുന്നവരെ കുറിച്ച് തന്റെ സഹോദരന്‍ പറയാറുണ്ടെന്നും അവരുടെ കുടുംബങ്ങളില്‍ അന്വേഷണം അറിയിക്കാനും ആവശ്യപ്പെടാറുണ്ടെന്നും ഷര്‍ജീല്‍ ഇമാമിന്റെ സഹോദരന്‍ മുസമ്മില്‍ ഇമാം പറഞ്ഞു. ഇനിയും കേള്‍ക്കപ്പെടാത്തവര്‍ക്കായി ശബ്ദമുയര്‍ത്തണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.


സമരങ്ങളുടെ തുടക്കം മുതലുള്ള അനുഭവങ്ങള്‍ ഖാലിദ് സൈഫിയുടെ ഭാര്യ പങ്കുവെച്ചു. യുണൈറ്റഡ് എഗൈന്‍സ്‌റ് ഹെയ്റ്റ് എന്ന കൂട്ടായ്മയുടെ സ്ഥാപക നേതാവും മുസ്ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഉറച്ച ശബ്ദവുമായിരുന്നു സൈഫി. അദ്ദേഹത്തെ യു.എ.പി.എ. ചുമത്തി അറെസ്‌റ് ചെയ്യുകയായിരുന്നു. ' അദ്ദേഹം തെറ്റ് ചെയ്തതനല്ല, മറിച്ച് പോലീസുകാരുടെ വ്യക്തി വൈരാഗ്യം മൂലമാണ് നിരന്തരം പീഡനമേല്‍ക്കേണ്ടി വരുന്നത്. തന്റെ ഭര്‍ത്താവിന് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും തങ്ങളുടെ പിതാവിനെ കുറിച്ച് മക്കള്‍ അഭിമാനമാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


തന്റെ ഭര്‍ത്താവ് ആത്മാര്‍ത്ഥതയുള്ള പത്രപ്രവര്‍ത്തകനായിരുന്നെന്നും അതല്ലാതെ മറ്റൊരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ലെന്നും സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത് സിദ്ദീഖ് പറഞ്ഞു. പരസ്പര വിരുദ്ധങ്ങളായ ചോദ്യങ്ങള്‍ ചോദിച്ചും അദ്ദേഹം ബീഫ് കഴിക്കുന്നയാളാണെന്നു പറഞ്ഞും വരെ അദ്ദേഹത്തെ പീഡിപ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും റൈഹാനത്ത് പറഞ്ഞു.


തന്റെ മകന്‍ ഒരു സംഘടനയുടെയും ഭാഗമായിരുന്നില്ലെന്നും തനിക്ക് ശരിയെന്നു തോന്നുന്ന സമരങ്ങളില്‍ സജീവമായിരുന്നെന്നും അത്തര്‍ ഖാന്റെ മാതാവ് നൂര്‍ ജഹാന്‍ പറഞ്ഞു. ' അവന്‍ കൂടെയില്ലാത്ത ആദ്യ റമദാനാണിത്. ' എനിക്ക് വിഷമമുണ്ട്. പക്ഷെ എനിക്ക് മാനക്കേട് തോന്നുന്നില്ല. എനിക്ക് എന്റെ മകനെ കുറിച്ച അഭിമാനം മാത്രമാണുള്ളത് ' -അവര്‍ പറഞ്ഞു.


തങ്ങള്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടത്തിന് നേരെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് എസ്.ഐ.ഓ അഖിലേന്ത്യാ സെക്രട്ടറി ഫവാസ് ഷഹീന്‍ പറഞ്ഞു. ' ഈ റമദാനില്‍ ഒരുപാട് രാഷ്ട്രീയ തടവുകാര്‍ അവരുടെ കുടുംബത്തോടൊപ്പമില്ല. അവരുടെ വേദനകള്‍ പങ്കുവെക്കുകയും അവരുടെ പ്രിയപ്പെട്ടവര്‍ എത്രയും പെട്ടെന്ന് അവരുടെ കൂടെ ചേരട്ടെയെന്നു പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


അന്യായമായി തുറങ്കിലടക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് എസ്.ഐ.ഓ അഖിലേന്ത്യാ അധ്യക്ഷന്‍ സല്‍മാന്‍ അഹമ്മദ് പറഞ്ഞു. രാജ്യത്തു നീതിയും ഓക്‌സിജനും കിട്ടാക്കനിയാണെന്നു അദ്ദേഹം പറഞ്ഞു. ' എല്ലാവിധ ആശയപരമായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി നേരിനും നീതിക്കായുമുള്ള പോരാട്ടത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി അണിചേരും' - അദ്ദേഹം പറഞ്ഞു




Tags:    

Similar News