കര്‍ഷക സമരത്തിന്റെ തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കുന്നു: രാകേഷ് ടിക്കായത്ത്, മമതാ ബാനര്‍ജി കൂടിക്കാഴ്ച ജൂണ്‍ 9ന്

Update: 2021-06-07 04:13 GMT

ഫത്തേബാദ്: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ജൂണ്‍ 9ന് കൂടിക്കാഴ്ച നടത്തും. മാസങ്ങളായി തുടരുന്ന കര്‍ഷ സമരം തീക്ഷ്ണമാക്കാനും തന്ത്രങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് കൂടിക്കാഴ്ച ലക്ഷ്യം വയ്ക്കുന്നതെന്ന് കര്‍ഷക സമരനേതാക്കള്‍ സ്ഥിരീകരിച്ചു.

തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടിക്കായത്ത് മാസങ്ങള്‍ക്ക് മുമ്പ് ബംഗാളിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ സമരം തുടങ്ങിയത്.

പുതിയ കാര്‍ഷിക നിയമങ്ങളുടെ കടുത്ത എതിരാളിയാണ് മമതാ ബാനര്‍ജി. തൃണമൂലിന്റെ നിരവധി എംപിമാര്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഡല്‍ഹി

അതിര്‍ത്തിയില്‍ വെച്ച് കണ്ടിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കര്‍ഷക സമരം സജീവമാക്കാനാണ് ആലോചന.

ശനിയാഴ്ച രാത്രി ഹരിയാനയിലെ സമരസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത കര്‍ഷക നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാകേഷ് ടിക്കായത്തും സുര്‍നാം സിങ് ഛദുനിയും ധര്‍ണ നടത്തിയിരുന്നു.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പല സംസ്ഥാന അതിര്‍ത്തികളും അടച്ചുപൂട്ടിയിരിക്കുകയാണ്.