തലസ്ഥാന മേഖലാ ഭേദഗതി ബില്ല് രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

Update: 2021-03-24 16:52 GMT

ന്യൂഡല്‍ഹി: തലസ്ഥാന മേഖലാ ഭേദഗതി ബില്ല് രാജ്യസഭയിലും പാസ്സായി. എഎപിയുടെയും കോണ്‍ഗ്രസ്സിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധത്തിനിടയിലാണ് ബില്ല് പാസ്സായത്. പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായാണ് ബില്ല് പരിഗണിക്കപ്പെടുന്നത്. 2013ല്‍ കെജ്രിവാള്‍ അധികാരത്തിലെത്തിയതു മുതല്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രം നിയമിക്കുന്ന ലഫ്റ്റ്‌നെന്റ് ഗവര്‍ണരും തമ്മില്‍ തര്‍ക്കം നടക്കുക പതിവാണ്.

ബില്ല് ജനാധിപത്യവിരുദ്ധമാണെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷം കഴിഞ്ഞ രണ്ട് ദിവസമായി വലിയ പ്രക്ഷോഭമാണ് ഇരു സഭകളിലും അഴിച്ചുവിട്ടത്. ബില്ല് സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ദ്രൗപതിയെ വസ്ത്രീക്ഷേപം നടത്തിയതുപോലെ ഭരണഘടയെയയും കേന്ദ്ര സര്‍ക്കാര്‍ വസ്ത്രാക്ഷേപം നടത്തുകയാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും ഡല്‍ഹിയില്‍ അധികാരത്തിലെത്താന്‍ കഴിയാത്തതുകൊണ്ടാണ് ബിജെപി പുതിയ ബില്ലുമായി രംഗത്തുവന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു.

ബില്ലിനെതിരേ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ നേതാക്കള്‍ രാജ്യസഭയില്‍ ഉയര്‍ത്തിയത്. ബഹളം വര്‍ധിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ സഭ രണ്ട് തവണ നിര്‍ത്തിവച്ചിരുന്നു. ബില്ല് സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയില്ല.

കോണ്‍ഗ്രസ് 1991ല്‍ കൊണ്ടുവന്ന നിയമമാണ് ഭേദഗതി വരുത്തിയിരിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഢി സഭയെ അറിയിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുഗമമാക്കുകയാണ് ബില്ലിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലോക്‌സഭ തിങ്കളാഴ്ചയാണ് ബില്ലിന് അനുമതി നല്‍കിയത്. ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണറുടേയും ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കൃത്യമായി വിഭജിക്കുന്നതാണ് ബില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്.

പുതിയ ബില്ല് ഡല്‍ഹി സര്‍ക്കാരിനു മുകളില്‍ കേന്ദ്ര നോമിനിയായ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നു. ഡല്‍ഹി സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങളില്‍ സര്‍ക്കാര്‍ എന്നിടത്ത് ലഫ്റ്റ്‌നന്റ് ഗവര്‍ണറെയാണ് ഉദ്ദേശിക്കുന്നതെന്ന് പുതിയ നിയമം പറയുന്നു.

Tags:    

Similar News