രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ ഞങ്ങളെ പരിഹസിക്കുന്നു, മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനില്ലെന്നാണ് പറയുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തതായി ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ഞങ്ങള്‍ നല്‍കിയ വാഗ്ദാനവും നടപ്പാക്കും - രാജ്‌നാഥ് സിങ് പറഞ്ഞു.
ഒരൊറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്‌ലിം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും. എന്നാല്‍ ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ലെന്ന് രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. ഹിന്ദുവിനോ മുസ്‌ലിമിനോ ക്രിസ്ത്യാനികള്‍ക്കോ എതിരാവില്ല അത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ് . ഇത് നടപ്പിലാക്കുന്നതോടെ, രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങളില്‍ മതപരമായ നിയമപരിഗണനകള്‍ ഇല്ലാതെയാകും.
