പ്രതിരോധ മേഖലയില്‍ സഹകരണം: രാജ്‌നാഥും യുഎസ് പ്രതിരോധ സെക്രട്ടറിയും ചര്‍ച്ച നടത്തി

Update: 2020-07-10 15:42 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്പറും ഇന്ന് ചര്‍ച്ച നടത്തി. ടെലഫോണ്‍ വഴി നടന്ന ചര്‍ച്ചയില്‍ ഇരു നേതാക്കളും പ്രതിരോധ മേഖലയില്‍ പരസ്പര സഹകരണം വാഗ്ദാനം ചെയ്തു. ചൈനയും ഇന്ത്യയും തമ്മില്‍ തുടരുന്ന അതിര്‍ത്തി സംഘര്‍ഷവും ചര്‍ച്ചയുടെ ഭാഗമായി. യുഎസ് പ്രതിരോധ സെക്രട്ടറിയാണ് യോഗത്തിന് മുന്‍കൈ എടുത്തതെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരമനുസരിച്ച് ദീര്‍ഘകാലമായി ഇരു നേതാക്കളും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്. മുന്‍കാലത്തും ഇത്തരം നിരവധി കൂടിക്കാഴ്ചകളും നടന്നിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഇന്നത്തെ കൂടിക്കാഴ്ചയാണെന്നാണ് പ്രതിരോധ വകുപ്പ് വിശദീകരിച്ചത്.

ഇന്ത്യാ-പെസഫിക്കിലെ വികസനവും സുസ്ഥിരതയും ഉറപ്പുവരുത്തലും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ സാധ്യത ആരായലുമാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വവും ചര്‍ച്ചയുടെ ഭാഗമായി.

ചൈനയും ഇന്ത്യയും തമ്മില്‍ കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുഎസ്- ഇന്ത്യ ചര്‍ച്ചയ്ക്ക് നിരീക്ഷകര്‍ നിരവധി മാനങ്ങള്‍ കല്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ എട്ട് ആഴ്ചയായി കിഴക്കന്‍ ലഡാക്കിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ഇന്ത്യന്‍, ചൈനീസ് സൈന്യങ്ങള്‍ കടുത്ത സംഘര്‍ഷത്തിലാണ്. ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍, ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യവുമായി നടന്ന ചര്‍ച്ചയുടെ ഭാഗമായി മൂന്ന് മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു.

ഇന്നുതന്നെ യുഎസ് രാഷ്ട്രീയകാര്യ സെക്രട്ടറി ഡേവിസ് ഹെയ്‌ലുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിങ്‌ലയും തമ്മില്‍ വെര്‍ച്യല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗോളവും പ്രാദേശികവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

Tags:    

Similar News