തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനിക്കും: രജനീകാന്ത്

Update: 2020-11-30 12:42 GMT

ചെന്നൈ: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്ന് നടന്‍ രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം (ആര്‍എംഎം) ജില്ലാ സെക്രട്ടറിമാരുമായി ഇന്ന് ചൈന്നെയിലെ രാഘവേന്ദ്ര ഹാളില്‍ യോഗത്തിനു ശേഷമാണു രജനീകാന്ത് ഇക്കാര്യം അറിയിച്ചത്.

'ഞാന്‍ സംഘടനയുടെ ജില്ലാ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തി. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. ഞാന്‍ എടുക്കുന്ന ഏത് തീരുമാനത്തിലും എന്നെ പിന്തുണയ്ക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി. എന്റെ തീരുമാനം ഉടനെ അറിയിക്കും' അദ്ദേഹം പറഞ്ഞു. രജനീകാന്തിന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍, ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ച്, പകര്‍ച്ചവ്യാധി സമയത്ത് പാര്‍ട്ടി ആരംഭിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. രജനീകാന്തിന്റെ പേരില്‍ എഴുതപ്പെട്ട കത്ത്

സാമൂഹിമാധ്യമങ്ങളില്‍ വൈറലായിരുന്നു. അദ്ദേഹത്തിന്റെ പ്രായം, ആരോഗ്യസ്ഥിതി, വാക്‌സിന്‍ ലഭ്യമാകുന്നതിലെ അനിശ്ചിതത്വം എന്നിവ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന്റെ പിന്നിലെ കാരണങ്ങളാണെന്ന് താരം എഴുതിയതായി കരുതപ്പെടുന്ന ഒരു കുറിപ്പ് വൈറല്‍ ആയിരുന്നു. എന്നാല്‍ കത്തിലെ ഉള്ളടക്കങ്ങള്‍ വ്യാജമാണെന്നാണ് താരം പറയുന്നത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം യോഗം വിളിച്ചുചേര്‍ത്തത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വൈകിയേക്കാമെന്ന് ഒക്ടോബറില്‍ രജനീകാന്ത് സൂചന നല്‍കിയിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് രജനി വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.