രാജസ്ഥാന്‍: കൊവിഡ് പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ സഭ ചേരണമെന്ന് ഗവര്‍ണര്‍ക്ക് രണ്ടാമതും ശുപാര്‍ശ

Update: 2020-07-26 08:32 GMT

ജയ്പൂര്‍: രാജ്യത്ത് വ്യാപകമാകുന്ന കൊവിഡ് പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ ചേരണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്് ഗവര്‍ണര്‍ക്കെഴുതി. സഭചേരണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ അയയ്ക്കുന്ന രണ്ടാമത്തെ ശുപാര്‍ശയാണ് ഇത്. ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യം കത്തിലൊരിടത്തുമില്ല.

നേരത്തെ മുഖ്യമന്ത്രി നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര നിരസിച്ചിരുന്നു. സംസ്ഥാനത്ത് ഭരണമുന്നണിയില്‍ പുകയുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സഭ ചേരണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആദ്യ നീക്കമെങ്കിലും അതില്‍ ആവശ്യം സൂചിപ്പിച്ചിരുന്നില്ല. സഭ അടിയന്തിരമായി ചേരേണ്ട ആവശ്യവും ചേരേണ്ട സമയവും നിര്‍ദേശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ശുപാര്‍ശ തിരിച്ചയച്ചു. ശുപാര്‍ശ തിരിച്ചയയ്ക്കുന്നതിന് ആകെ ആറ് കാര്യങ്ങളാണ് ഗവര്‍ണര്‍ എടുത്തു പറഞ്ഞത്.

എന്നാല്‍ പുതുതായി സമര്‍പ്പിച്ച ശുപാര്‍ശയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനെ കുറിച്ച് സൂചനയൊന്നുമില്ല. മറിച്ച് സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ആവശ്യമായി ഉന്നയിച്ചത്. സഭ ചേരേണ്ട തിയ്യതിയും അറിയിച്ചിട്ടുണ്ട്, ജൂലൈ 31.

രാജസ്ഥാന്‍ വിഷയത്തില്‍ ബിജെപിക്കെതിരെ തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടുണ്ട്.

മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായി നടന്ന അധികാരത്തര്‍ക്കമാണ് ഒടിവില്‍ സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലെത്തിച്ചത്.  

Tags:    

Similar News