രാജസ്ഥാൻ ഹൈക്കോടതിക്ക്‌ അയോഗ്യതാ നോട്ടിസിൽ വിധി പുറപ്പെടുവിക്കാമെന്ന്‌ സുപ്രിംകോടതി

Update: 2020-07-23 07:57 GMT

ന്യൂഡൽഹി: സ്‌പീക്കറുടെ നടപടിയിൽ വിധി പുറപ്പെടുവിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയ്‌ക്ക്‌ അധികാരമുണ്ടെന്ന്‌ സുപ്രിംകോടതി. മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിനെയും 18 എംഎൽഎമാരെയും അയോഗ്യരാക്കിയ നടപടി ജൂലൈ 24 വരെ മാറ്റിവച്ച ഹൈക്കോടതി വിധിക്കെതിരേ സ്‌പീക്കർ സി പി ജോഷി സമർപ്പിച്ച ഹരജിയിലാണ്‌ സുപ്രിംകോടതി വിധി പറഞ്ഞത്‌.

ജസ്റ്റിസുമാരായ അരുൺ മിശ്രയും ബി ആർ ഗവായും കൃഷ്‌ണ മുരാരിയും അംഗങ്ങളായ ബെഞ്ചിന്റേതാണ്‌ സുപ്രധാനമായ ഈ വിധി.

സ്‌പീക്കർക്കു തന്നെ അയോഗ്യത നോട്ടിസ്‌ രണ്ട്‌ തവണ നീട്ടിവയ്‌ക്കാമെങ്കിൽ എന്തുകൊണ്ട്‌ 24 മണിക്കൂർ കാത്തുനിന്നുകൂടാ എന്ന്‌ സച്ചിൻ പൈലറ്റിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ മുകുൾ റോഹത്‌ഗി ചോദിച്ചു. രണ്ട്‌ തവണ സ്‌പീക്കർ തന്നെ അയോഗ്യതാ നടപടി മാറ്റിവച്ച കാര്യം എംഎൽഎമാർക്കു വേണ്ടി ഹാജരായ ഹരീഷ്‌ സാൽവെയും പറഞ്ഞു.

സ്‌പീക്കറുടെ ഉത്തരവിൽ കോടതിയ്‌ക്ക്‌ ഇടപെടാനാവില്ലെന്നായിരുന്നു സ്‌പീക്കർക്കുവേണ്ടി ഹാജരായ കബിൽ സിബൽ വാദിച്ചത്‌.

മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും തമ്മിലുള്ള അധികാരത്തർക്കത്തെ തുടർന്നാണ്‌ സച്ചിനും കൂട്ടാളികളും പാർട്ടി വിടുന്നത്‌. ഇത്‌ കോൺഗ്രസ്സിനിടയിൽ വലിയ പ്രതിസന്ധിക്ക്‌ കാരണമായി. വിമതർ ബിജെപിയിൽ ചേരുമെന്ന കോൺഗ്രസ്സ്‌ ആരോപണം സച്ചിൻ പിന്നീട്‌ നിഷേധിച്ചു. തനിക്ക്‌ ബിജെപിയിൽ ചേരുന്നതിന്‌ കോടികൾ വാഗ്‌ദാനം ചെയ്‌തെന്ന കോൺഗ്രസ്സ്‌ എംഎൽഎയുടെ വെളിപ്പെടുത്തലിനെതിരേ വിമതർ പരാതി നൽകിയിട്ടുണ്ട്‌. അതിനിടയിലാണ്‌ സ്‌പീക്കർ സച്ചിനെയും സഹപ്രവർത്തകരെയും അയോഗ്യരാക്കി സ്പീക്കർ നോട്ടിസ്‌ പുറപ്പെടുവിച്ചത്‌. അതിനെതിരേയുള്ള പരാതിയിൽ നാളെ ഹൈക്കോടതി വിധി പറയാനിരിക്കെയാണ്‌ സ്‌പീക്കർ സുപ്രിം കോടതിയിൽ പരാതി നൽകിയത്‌. 

Tags:    

Similar News