രാജസ്ഥാന്‍: 7 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് ജീവപര്യന്തം

Update: 2020-11-28 16:36 GMT

ജയ്പൂര്‍: 7 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ ജയ്പൂര്‍ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

ഇപ്പോള്‍ വിധിപറഞ്ഞ കേസിലെ പെണ്‍കുട്ടിക്കു പുറമെ ഒരു ഡസനോളം കുട്ടികളെയും പുരുഷന്മാരെയും ട്രാന്‍സ്ജന്ററുകളെയും പീഡിപ്പിച്ചിട്ടുണ്ടെന്നും പ്രതിയായ സിക്കന്ദര്‍ ഖാന്‍ പോലിസിനോട് സമ്മതിച്ചു. പ്രതിക്ക്സി 35 വയസ്സാണ്.

നിരവധി കേസുകളുണ്ടെങ്കിലും തങ്ങള്‍ ഏഴ് വയസ്സുകാരിയുടെ കേസിന് മുന്‍ഗണന നല്‍കുകയായിരുന്നുവെന്നും അത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രതിക്ക് ശിക്ഷ കിട്ടിയതെന്നും ജയ്പൂര്‍ അഡീഷണല്‍ കമ്മീഷണര്‍ അജയ് പാല്‍ ലംബ പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ ഈ കേസില്‍ പ്രതിയെ വെറുതേ വിടുകയാണെങ്കില്‍ ഇനിയും നിരവധി പീഡനങ്ങള്‍ നടക്കുമെന്ന് ശിക്ഷ വിധിച്ച ജഡ്ജി എല്‍ ഡി കിരാഡു പറഞ്ഞു.

ഇതിനു പുറമെ സിക്കന്ദറിനെതിരേ മൂന്ന് ബലാല്‍സംഗക്കേസുകളും ഒരു വധശ്രമക്കേസും രണ്ട് ലൈംഗികപീഡനക്കേസും അഞ്ച് മോഷണക്കേസുമാണ് ഉള്ളത്.

പ്രതിയുടെ സ്വഭാവം ശരിയല്ലാത്തതിനാല്‍ ഭാര്യ 2017 ല്‍ തന്നെ വിവാഹമോചനം നേടിയിരുന്നെന്നും പോലിസ് പറഞ്ഞു.