രാജ് താക്കറെയുടെ ഭീഷണി; മഹാരാഷ്ട്രയില്‍ പോലിസുകാരുടെ അവധികള്‍ റദ്ദാക്കി

Update: 2022-05-03 11:09 GMT

ന്യൂഡല്‍ഹി: മുസ് ലിംപളളികളിലെ ഉച്ചഭാഷിണികള്‍ എടുത്തുമാറ്റണമെന്ന മഹാരാഷ്ട്ര നവ് നിര്‍മാണ്‍സേന മേധാവി രാജ് താക്കറെ പ്രഖ്യാപിച്ച അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെ  മഹാരാഷ്ട്രയിലെ മുഴുവന്‍ പോലിസ് സേനാംഗങ്ങളുടെയും അവധികള്‍ റദ്ദാക്കി. എല്ലാ പോലിസ് ഉദ്യോഗസ്ഥരോടും ജോലിയില്‍ ഹാജരാവാന്‍ ഡിജിപി രജിനിഷ് സേത്ത് ആവശ്യപ്പെട്ടു. നവ്‌നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ പ്രസംഗങ്ങള്‍ നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ നിയമനടപടി കൊക്കൊള്ളാനും ഡിജിപി നിര്‍ദേശിച്ചു.

എല്ലാ തരം ക്രമസമാധാനപ്രശ്‌നത്തെയും നേരിടാന്‍ പോലിസ് സജ്ജമാണെന്നും ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പള്ളികളിലെ ഉച്ചഭാഷിണികള്‍ ഇന്നത്തോടെ എടുത്തുമാറ്റണമെന്നാണ് താക്കറെയുടെ ആവശ്യം. അതില്‍ പരാജയപ്പെട്ടാല്‍ പള്ളികള്‍ക്കു മുന്നില്‍ ഹനുമാന്‍ ചാലിസ വായിക്കുമെന്നും താക്കറെ ഭീഷണി മുഴക്കി.

87 കമ്പനി പോലിസ് റിസര്‍വ് ഫോഴ്‌സിനെയും 30,000 ഹോംഗാര്‍ഡുകളെയും വിന്യസിപ്പിച്ചതായി സേത്ത് പറഞ്ഞു. എല്ലാവരോടും സമാധാനം പാലിക്കാനും.  ആവശ്യപ്പെട്ടു.

മെയ് മൂന്നിലെ അന്ത്യശാസനം താക്കറെ ഔറംഗബാദില്‍ ആവര്‍ത്തിച്ചുപ്രഖ്യാപിച്ചു. ഉച്ചഭാഷിണി എടുത്തുമാറ്റിയില്ലെങ്കില്‍ പള്ളികള്‍ക്കുമുന്നില്‍ നാളെ മുതല്‍ ഹനുമാന്‍ ചാലിസ ആലപിക്കുമെന്നാണ് ഭീഷണി.