സംസ്ഥാനത്ത് കൊവിഡ് ഉയരുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മന്ത്രിസഭായോഗം, തീരുമാനം വ്യാഴാഴ്ച

കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അന്തിമ തിരുമാനം നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഉണ്ടാകും

Update: 2022-01-19 06:27 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്-ഒമികോണ്‍ വൈറസ് ബാധ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മന്ത്രിസഭായോഗം. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് അഭിപ്രായമുയര്‍ന്നത്. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച അന്തിമ തിരുമാനം നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലുണ്ടാകും.

കര്‍ശന നിയന്ത്രണം വേണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. രോഗ ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ ഉയര്‍ച്ചയുണ്ടായ സാഹചര്യം നിലനില്‍ക്കുമ്പോഴും രോഗ ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നാണ് വിലയിരുത്തല്‍. ആശുപത്രികളിലെ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പര്യാപ്തമാണെന്നും മന്ത്രി സഭായോഗം വിലയിരുത്തുന്നു.

അതേസമയം, സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധ അരലക്ഷം കടക്കുമെന്ന് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മൂന്നാഴ്ചക്കുള്ളില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. നേരത്തെ കൊവിഡ് ബാധിച്ചവരെ വീണ്ടും കൊവിഡ് ബാധിക്കുന്നതിലും വര്‍ധനവുണ്ട്. 15ന് ദുരന്ത നിവാരണ വകുപ്പ് നല്‍കിയ അനുമാന റിപോര്‍ട്ടില്‍ പറയുന്നത് പ്രകാരം ജനുവരി അവസാനത്തോടെ പ്രതിദിന രോഗബാധ ഇരട്ടിയാകും.

ഫെബ്രുവരി രണ്ടാം വാരത്തോടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. 100 പേരില്‍ കൊവിഡ് പരിശോധന നടത്തിയാല്‍ അതില്‍ 75 പേര്‍ പോസിറ്റീവാകുമെന്നാണ് നിഗമനം. മാര്‍ച്ച് മാസത്തോടെ രോഗബാധ കുറഞ്ഞു തുടങ്ങും. കണക്കുകള്‍ ഇതിലും ഉയരുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. പുതിയ പ്രൊജക്ഷന്‍ റിപോര്‍ട്ട് ഇന്ന് ലഭിക്കും. നിലവില്‍ 722 പേര്‍ ഐസിയുകളിലും 169 പേര്‍ വെന്റിലേറ്ററുകളിലും ചികിത്സയിലാണ്. രോഗ വ്യാപനം കൂടിയാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇനിയും ഉയരും.

തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് കിടക്കകള്‍ കിട്ടാനില്ല. ആശുപത്രികളിലെത്തുന്നവര്‍ ലക്ഷണങ്ങളുണ്ടെങ്കില്‍ ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം.

Tags:    

Similar News