താനൂര്‍: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ജനുവരി 26ന് താനൂരില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി പുറത്തിറക്കുന്ന 'രായിരിമംഗലം അംശം, താനൂര്‍ ദേശം' ഡോക്യുമെന്ററിയുടെ കവര്‍ പുറത്തിറക്കി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ താനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി ശംസുദ്ദീന്‍ സാഹിബിന് നല്‍കിയാണ് കവര്‍ പ്രകാശനം ചെയ്തത്.
ചടങ്ങില്‍ കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫല്‍ ഫൈസി, അബ്ദുറഹ്മാന്‍ രണ്ടത്താണി, തിരൂരങ്ങാടി നഗരസഭാ ചെയര്‍മാര്‍ കെ.പി മുഹമ്മദ് കുട്ടി, കല്‍പ ബാവ പ്രസംഗിച്ചു. താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.പി ശംസുദ്ദീന്‍, കീഴടത്തില്‍ ഇബ്‌റാഹീം ഹാജി, സി.കെ.എം ബാവുട്ടി ഹാജി, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, കീഴടത്തില്‍ ശാഫി ഹാജി, പി.എം റഫീഖ് അഹമ്മദ്, അബ്ദുറശീദ് ഫൈസി ചുങ്കത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു. സി.എം അബ്ദുസ്സമദ് ഫൈസി സ്വാഗതവും സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി നന്ദിയും പറഞ്ഞു.
രാഷ്ട്രത്തിന്റെ റിപബ്ലിക്ക് ദിനത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന മനുഷ്യ ജാലികക്ക് ഇത്തവണ സ്വാതന്ത്ര്യ സമര ചരിത്ര ഭൂമികയായ താനൂര്‍ വേദിയാകുമ്പോള്‍ പൂര്‍വ്വീകരുടെ പോരാട്ട ചരിത്രം പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്ന ഡോക്യുമെന്ററിയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ടം, ടിപ്പുവിന്റെ പടയോട്ടം, മലബാര്‍ സമരം, ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച, ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങള്‍ തുടങ്ങി നൂറ്റാണ്ടുകളുടെ ചരിത്രം ഇതില്‍ വിവരിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഭാഗമായ പ്രധാന വ്യക്തികള്‍, സ്ഥലങ്ങള്‍, രേഖകള്‍ എന്നിവയുടെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മനുഷ്യജാലിക സ്വാഗത സംഘവും താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഇഹ്‌സാനും ചേര്‍ന്നാണ് ഡോക്യുമെന്റി പുറത്തിറക്കുന്നത്. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയാണ് നിര്‍മ്മാതാവ്. സി.പി ബാസിത് ഹുദവി തിരൂരാണ് സംവിധാനം നിലവ്വഹിച്ചിരിക്കുന്നത്. ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി, അബ്ദുസ്സലാം ഹുദവി മമ്പുറം എന്നിവര്‍ സഹസംവിധായകരാണ്.
