തമിഴ്‌നാട്ടില്‍ മഴ തുടരുന്നു; കേന്ദ്ര സഹായം വാഗ്ദാനം ചെയ്ത് പ്രധാന മന്ത്രി

Update: 2021-11-07 17:18 GMT

ന്യൂഡല്‍ഹി: തലസ്ഥാന നഗരമടക്കം നാല് ജില്ലകളില്‍ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന തമിഴ്‌നാടിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രി സ്റ്റാലിനുമായി ഫോണിലും സംസാരിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലും സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

''തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി മഴക്കെടുതികളെക്കുറിച്ച് സംസാരിച്ചു. സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യും. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏതാനും ടീമുകളെ സംസ്ഥാനത്തേക്ക് നിയോഗിച്ചിട്ടുണ്ട്.

വെള്ളക്കെട്ട് അധികമുള്ള പ്രദേശങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു.

വെള്ളക്കെട്ടിന്റെ ഭാഗമായി പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പതിനൊന്ന് ജില്ലകളെ മഴക്കെടുതി ബാധിച്ചു. നാല് ജില്ലകളില്‍ സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് ദിവസത്തേക്ക് അടച്ചു.

പലയിടങ്ങളിലും 20 സെന്റീമീറ്ററിനു മുകളിലാണ് മഴ പെയ്തിരിക്കുന്നത്.

500ഓളം പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പമ്പ് സെറ്റുകള്‍ സജ്ജീകരിച്ചു. 50,000 ഭക്ഷ്യപ്പാക്കറ്റുകള്‍ വിതരണം ചെയ്തു.

മധുരൈ, ചെങ്കല്‍പേട്ട് ജില്ലകളില്‍ എന്‍ഡിആര്‍എഫ് ടീമിനെ വിന്യസിപ്പിച്ചു.

നവംബര്‍ 11വരെ തമിഴ്‌നാട്ടില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

Tags: