തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവുമാണ് നിലവിലെ മഴയ്ക്ക് കാരണം.
ഫെബ്രുവരി 23 മുതല്‍ 27 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള ന്യൂനമര്‍ദ്ദം വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നല്‍ അപകടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.