സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Update: 2021-11-16 05:46 GMT

തിരുവനന്തപുരം: മധ്യ കിഴക്കന്‍തെക്കു കിഴക്കന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും(നവംബര്‍ 16) നാളെയും വ്യാപകമായ മഴയ്ക്കും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള ലക്ഷദ്വീപ് തീരത്തും വടക്കന്‍ കേരള തീരത്തും നവംബര്‍ 16 വരെയും കര്‍ണാടക തീരത്ത് നവംബര്‍ 17 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചിലയവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ കേരള തീരത്തും മറ്റ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.

വടക്ക് ആന്തമാന്‍ കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം പടിഞ്ഞാറ്‌വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമര്‍ദ്ദമാകാനാണ് സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വ്യാഴാഴ്ചയോടെ മധ്യ പടിഞ്ഞാറ് തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തെക്ക് ആന്ധ്രാപ്രദേശ് വടക്ക് തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിച്ചേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബികടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു

മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചേക്കാം. തുലാവര്‍ഷ സീസണില്‍( 47 ദിവസത്തില്‍ ) രൂപപ്പെടുന്ന ഏട്ടാമത്തെ ന്യൂന മര്‍ദ്ദമാണിത്. കേരളത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ കൂടുതല്‍ ഭീഷണിയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    

Similar News