ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Update: 2021-01-06 06:59 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ . 42 ദിവസമായി ഡല്‍ഹി അതിര്‍ത്തികളിലും മഴ ശക്തമായി തുടരുകയാണ്. രാവിലെ 7 മണിയോടെ മഴ ആരംഭിച്ചു. നാല് ദിവസമായി ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ അനുഭവപ്പെടുകയാണ്.

കനത്തമഴയില്‍ സൗത്ത് ഡല്‍ഹിയില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഡല്‍ഹി നഗരത്തില്‍ ഗന്താഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി അതിശൈത്യത്തിലാണ് ഡല്‍ഹിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. മൂടല്‍മഞ്ഞിനും ശീതക്കാറ്റിനുമിടയില്‍ നാല് ദിവസമായി ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ അനുഭവപ്പെടുകയാണ്. രാവിലെ 9 മണി ആയിട്ടും ഡല്‍ഹിയില്‍ ഇരുട്ട് മൂടിയ കാലാവസ്ഥയായിരുന്നു.

അടുത്ത 24 മണിക്കൂര്‍ ഇതേ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തില്‍ കുറഞ്ഞ താപനില 13 ഡിഗ്രിയും കൂടിയ താപനില 20.9 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഡല്‍ഹി അതിര്‍ത്തികളില്‍ കൊടുംതണുപ്പില്‍ കഴിയുന്ന കര്‍ഷകര്‍ കനത്ത മഴയില്‍ ഏറെ ബുദ്ധിമുട്ടി. സമരകേന്ദ്രങ്ങളില്‍ വെള്ളം കയറിയതും കര്‍ഷകരെ ഏറെ വലച്ചു. ശീതക്കാറ്റ് തുടരുന്നത് ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിപ്പിച്ചിരിക്കുകയാണ്.

അതേസമയയം, കേന്ദ്രസര്‍ക്കാരുമായി എട്ടാംവട്ട ചര്‍ച്ച വെള്ളിയാഴ്ച നടക്കാനിരിക്കെ, വിപുലമായ സമരപരിപാടികളാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ദേശ് ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രാജ്യവ്യാപക ക്യാമ്ബയിന്‍ ഇന്ന് ആരംഭിക്കും. ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ നാളെ ട്രാക്ടര്‍ റാലി നടത്തും.