കൊച്ചുവേളി- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെയായി ചുരുക്കില്ലെന്ന് റെയില്‍വേ

Update: 2021-09-30 17:23 GMT

നഹാസ് എം നിസ്താര്‍

നിലമ്പൂര്‍: കൊച്ചുവേളിയില്‍ നിന്ന് നിലമ്പൂര്‍ വരെ ഓടുന്ന രാജ്യറാണി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെയായി ഓട്ടം ചുരുക്കില്ലെന്ന് പാലക്കാട് ഡിവിഷന്‍ ഓഫിസ് അറിയിച്ചു. വണ്ടി തുടര്‍ന്നും നിലമ്പൂര്‍ വരെ ഓടും. 

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍മാരില്ലാത്ത നിലമ്പൂര്‍, വാണിയമ്പലം, അങ്ങാടിപ്പുറം സ്‌റ്റേഷനുകളില്‍ മറ്റു ഡിവിഷനുകളില്‍ നിന്നു പാലക്കാട് ഡിവിഷനിലേക്ക് ജീവനക്കാരെ മാറ്റി നിയമിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ചെന്നൈ, സേലം എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് പാലക്കാട് ഡിവിഷന് കീഴില്‍ വിവിധ സ്‌റ്റേഷനുകളില്‍ നിയമിക്കാനൊരുങ്ങുന്നത്.

പാലക്കാട് ഡിവിഷന് കീഴില്‍ 70നടുത്ത് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഒഴിവുണ്ട്. ഈ ഒഴിവുകള്‍ നികത്താത്തതാണ് കൊവിഡു കാലത്ത് നിര്‍ത്തിവെച്ച പാസഞ്ചറുകള്‍ പുനഃസ്ഥാപിക്കാനുള്ള തടസ്സം. മതിയായ ജീവനക്കാരെ നിയമിച്ചാലേ നിര്‍ത്തിവെച്ച മുഴുവന്‍ പാസഞ്ചര്‍ സര്‍വീസുകളും പുനഃസ്ഥാപിക്കാന്‍ കഴിയു എന്ന നിലപാടിലാണ് റെയില്‍വേ. ഏഴു തീവണ്ടികളുടെ 14 സര്‍വീസുകളാണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലുണ്ടായിരുന്നത്.

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ യാത്രക്കാരുടെ സംഘം കഴിഞ്ഞ ദിവസം പാലക്കാട് റെയില്‍േവ ഡിവിഷന്‍ ഓഫിസിലെത്തി മാനേജര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഘട്ടം ഘട്ടമായി ഓരോ തീവണ്ടികളും പുനഃസ്ഥാപിക്കുമെന്ന് നിവേദക സംഘത്തിന് ഡിവിഷന്‍ മാനേജര്‍ തൃലോക് കോത്താരി ഉറപ്പു നല്‍കി. അതേസമയം സ്‌റ്റേഷനുകളില്‍ നിലവിലുണ്ടായിരുന ജീവനക്കാരെ ഉദ്യോഗ തലത്തില്‍ നടന്ന നീക്കുപോക്കിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം നിലക്കാന്‍ കാരണമായതെന്നും ആക്ഷേപമുണ്ട്.