പാലക്കാട്: തനിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ, കൂടുതൽ സ്ത്രീകൾ ആരോപണങ്ങളുമായി രംഗത്തെത്തുന്നത് ഒരു ജനപ്രതിനിധിയുടെ ധാർമികതയെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി. പതിനായിരക്കണക്കിന് സ്ത്രീകളുടെ വോട്ടുകൾ നേടി എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിന് തന്റെ സ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
ആരോപണങ്ങളെ നിയമപരമായി നേരിടാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച് മുന്നോട്ടു വരണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ, കോൺഗ്രസ് ധാർമിക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിൽ, രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കാൻ നിർബന്ധിപ്പിക്കുകയും ജനവിധിയെ നേരിടാൻ തയ്യാറാകണമെന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.