പാലത്തായി കേസില്‍ മിണ്ടിയില്ല; 86കാരി നേരിട്ട് ഹാജരാകണം; വനിതാ വിമോചന നടപടി ഇവരെ പുറത്താക്കലാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ഓണറേറിയം 34,40,000, ടിഎ 13,54,577, ലെിഫോണ്‍ ബില്ല് 68,179, എക്‌സ്‌പേര്‍ട്ട് ഫി 2,19,000, മെഡിക്കല്‍ റീയിമ്പേഴ്‌സ്‌മെന്റ് 2,64,523, ആകെ 53, 46, 279 രൂപ-വനിത കമ്മിഷന്‍ അധ്യക്ഷ പൊതുഖജനാവില്‍ നിന്ന് കൈപ്പറ്റിയ തുക പറഞ്ഞ് രാഹുല്‍

Update: 2021-06-24 10:59 GMT

തിരുവനന്തപുരം: വാളയാറിലും പാലത്തായിലും ഇടപെടാത്ത എംസി ജോസഫൈനെ പുറത്താക്കലാണ് വനിത വിമോചന നടപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതു ഖജനാവില്‍ നിന്ന് അമ്പത്തിമൂന്ന് ലക്ഷം രൂപയാണ് കമ്മിഷന്‍ അധ്യക്ഷ കൈപ്പറ്റിയത്. എന്തായാലും അമ്പത്തിമൂന്ന് ലക്ഷം മുടക്കി, പരാതി പറയാന്‍ വിളിക്കുന്നവര്‍ക്ക് നേരെ പൊട്ടിത്തെറിക്കാന്‍ വേണ്ടി മാത്രം എന്തിനാണ് ഒരു വനിതാ കമ്മീഷനെന്നും രാഹുല്‍ ഫേസ് ബുക്കില്‍ കുറിച്ചു. 

ഫേസ് ബുക് കുറിപ്പിന്റെ പൂര്‍ണരൂപം


ഓണറേറിയം 34,40,000

ടി.എ 13,54,577

ടെലിഫോണ്‍ ബില്ല് 68,179

എക്‌സ്‌പേര്‍ട്ട് ഫി 2,19,000

മെഡിക്കല്‍ റീയിമ്പേഴ്‌സ്‌മെന്റ് 2,64,523

ആകെ 53, 46, 279 രൂപ

ചുമതലയേറ്റ ദിവസം തൊട്ട് ഫെബ്രുവരി 8, 2021 വരെ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നമ്മുടെ പൊതു ഖജനാവില്‍ നിന്ന് കൈപ്പറ്റിയത് അമ്പത്തിമൂന്ന് ലക്ഷം രൂപയാണ്. ഇത് കൂടാതെയാണ് ഒരു പാഴ്‌സല്‍ ലഭിച്ചത്!

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എന്ന നിലയില്‍ വാളയാറിലോ, പാലത്തായിലോ അടക്കമുള്ള വിഷയങ്ങളില്‍ സമൂഹത്തിനാകെ അഭിമാനമാകുന്ന എന്തെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടില്ല. എണ്‍പത്തിയാറ് വയസ്സുള്ള അമ്മൂമ്മ നേരിട്ട് ഹാജരാകണമെന്ന കല്പനയടക്കം എത്ര വിവാദങ്ങള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിവാദത്തില്‍ കൂടിയല്ലാതെ എന്തെങ്കിലും മാതൃക പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇവരെ കുറിച്ച് ഞാന്‍ കേട്ടിട്ടില്ല.

ഒരു സ്ത്രീയ്ക്ക് നീതി നിഷേധിക്കപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോഴാണ് പാര്‍ട്ടിക്ക് സ്വന്തമായി കോടതിയും പോലിസ് സ്‌റ്റേഷനുമുണ്ടെന്ന് പറഞ്ഞ് നാട്ടുകാരെയാകെ 'ശശിയാക്കിയത് '. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിന് ഇവര്‍ തന്നെ ധാരാളം എന്ന ചിലരുടെ സാമാന്യവത്കരണം ശരിയല്ല. എല്ലാം കൂടി ഒന്നിച്ച് സഹിക്കണമെന്ന ആ വാദം പോലും ശരിയല്ല.

ജോസഫൈന്‍ എന്ന വ്യക്തിയുടെ പ്രശ്‌നമാണ്, പാര്‍ട്ടി ഗംഭീരമായതു കൊണ്ട് അവരെ തിരുത്തും എന്ന് പറയുന്ന ന്യായീകരണ തിലകങ്ങളോട് , അതേ പാര്‍ട്ടിയാണ് അവരെ ഈ ചുമതല ഏല്പിച്ചത്. മാത്രമല്ല പാര്‍ട്ടി നയങ്ങളില്‍ മാത്രം ജീവിക്കുന്ന അവരെ പാര്‍ട്ടിക്കാരിയല്ലാതെ 'മാറ്റി നിര്‍ത്തുക' സാധ്യമല്ല. ഇത്തരക്കാരാണ് ആഭ്യന്തര മന്ത്രി വിജയനെ, മുഖ്യമന്ത്രി പിണറായി തിരുത്തണമെന്ന് പറയുന്നത്.

എന്തായാലും അമ്പത്തിമൂന്ന് ലക്ഷം മുടക്കി, പരാതി പറയാന്‍ വിളിക്കുന്നവര്‍ക്ക് നേരെ പൊട്ടിത്തെറിക്കാന്‍ വേണ്ടി മാത്രം എന്തിനാണ് ഒരു വനിതാ കമ്മീഷന്‍! ഇന്നത്തെ ദിവസത്തെ ഏറ്റവും നല്ല വനിതാ വിമോചന നടപടി ഇവരെ പുറത്താക്കലാണ്.

ജോസഫൈന്‍ ഈസ് നോട്ട് ഫൈന്‍!