'മാലിക് ചരിത്രവിരുദ്ധം, ബീമാപ്പള്ളിക്കാര്‍ കള്ളക്കടത്ത് നടത്തുവെന്ന സംഘപരിവാര ഭാഷ്യം സിനിമയില്‍ ഒളിച്ചു കടത്തുന്നു'- രാഹുല്‍ മാങ്കൂട്ടത്തില്‍

കോടിയേരിയെ മിന്നായമായി പോലും കാണിക്കാതിരിക്കാന്‍ സംവിധായകന്‍ കാണിച്ച പ്രത്യേകസൂക്ഷ്മത എടുത്ത് പറയേണ്ടതാണ്. ബീമാപ്പള്ളിക്കാര്‍ കള്ളക്കടത്ത് നടത്തിയാണ് പണം സമ്പാദിക്കുന്നതെന്ന സംഘപരിവാര ഭാഷ്യം സിനിമയിലൂടെ ഒളിച്ചു കടത്താന്‍ മഹേഷ് നാരായണന്‍ ശ്രമിച്ചു. ഇത് തുറന്നു കാണിക്കേണ്ടതാണ്. ചരിത്രത്തെ ഒറ്റക്കണ്ണിലൂടെ നോക്കുന്ന ചലച്ചിത്രകാരന്മാര്‍ വിതക്കുന്ന വിദ്വേഷ വിത്തുകളില്‍ നിന്ന് വിള കൊയ്യുന്നവര്‍ സംഘപരിവാറാണെന്ന് മറക്കേണ്ട.

Update: 2021-07-18 15:24 GMT

തിരുവനന്തപുരം: ബീമാപ്പള്ളി വെടിവെപ്പിന് ഉത്തരവാദിയായ കൊടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയോ ഒരിടത്ത് പോലും മിന്നായമായി കാണിക്കാതിരിക്കാന്‍ സംവിധായകന്‍ കാണിച്ച സൂക്ഷമത പ്രത്യേകം എടുത്ത് പറയേണ്ടതാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. ബീമാപ്പള്ളിയില്‍ ജീവിക്കുന്നവര്‍ കള്ളക്കടത്ത് നടത്തിയാണ് പണം സമ്പാദിക്കുന്നതെന്ന സംഘപരിവാര ഭാഷ്യം സിനിമയിലൂടെ ഒളിച്ചു കടത്താന്‍ മഹേഷ് നാരായണന്‍ ശ്രമിച്ചിരിക്കുന്നു. അത് തുറന്നു കാണിക്കേണ്ടതാണെന്നും അദ്ദേഹം കുറിച്ചു. 

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

സിനിമയുടെ മേക്കിങിലും അഭിനേതാക്കളുടെ പ്രകടനത്തിലും മികച്ചു നില്‍ക്കുന്ന മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണ്. മറവിയുടെ മാറാല പിടിക്കാന്‍ പോലും കാലമില്ലാത്ത സമയത്ത് നടന്ന ഒരു സംഭവത്തെ തീര്‍ത്തും ചരിത്ര വിരുദ്ധമായി സമീപിച്ചിരിക്കുന്നത് ചരിത്ര ബോധമുള്ളവര്‍ക്ക് ഒരിക്കലും ദഹിക്കാത്തതാണ്. 1957നു ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വലിയ പോലിസ് വെടിവെപ്പാണ് ബീമാപള്ളിയിലേത്.

പക്ഷേ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ കടന്നു പോയ മനുഷ്യാവകാശ ധ്വംസനം കൂടിയാണ് തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ നടന്നതെന്ന വിമര്‍ശനം ഇപ്പോഴും സജീവമാണ്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ബീമാപള്ളി വെടിവെപ്പ് നടക്കുന്നത്.

ബീമാപ്പളളി വെടിവെപ്പിന് ഉത്തരവാദിയായ കൊടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയോ ഒരിടത്ത് പോലും മിന്നായമായി കാണിക്കാതിരിക്കാന്‍ സംവിധായകന്‍ കാണിച്ച സൂക്ഷമത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണ്.

സുരേന്ദ്രന്‍ പിള്ള എന്ന സ്ഥലം എംഎല്‍എ സിനിമയിലെത്തുമ്പോള്‍ അബൂബക്കര്‍ ആകുന്നത് നിഷ്‌കളങ്കമായ സ്വാഭികതയല്ല. കള്ളക്കടത്തും തീവ്രതയും വര്‍ഗീയതയും ഒരു പ്രത്യേക സമുദായത്തിന് മുകളില്‍ ചാര്‍ത്താന്‍ കാണിച്ച വ്യഗ്രത വിമര്‍ശിക്കപ്പെടേണ്ടതാണ്. ബീമാപ്പള്ളിയിലെ തുറയില്‍ ജീവിക്കുന്നവര്‍ കള്ളക്കടത്ത് നടത്തിയാണ് പണം സമ്പാദിക്കുന്നതെന്ന സംഘ പരിവാര ഭാഷ്യം സിനിമയിലൂടെ ഒളിച്ചു കടത്താന്‍ മഹേഷ് നാരായണന്‍ ശ്രമിച്ചിരിക്കുന്നതും തുറന്നു കാണിക്കേണ്ടതാണ്.

മുസ്‌ലിം സമുദായം തിങ്ങിപ്പാര്‍ക്കുന്നിടം വിദ്വേഷത്തിന്റെ കനലുകളില്‍ എരിയുന്നതാണെന്നും, അവര്‍ക്ക് തണലായി പച്ചക്കൊടിയേന്തിയ സംഘടനയാണെന്നും പറഞ്ഞു വെക്കുമ്പോള്‍, ഇന്ത്യയാകെ ഒരു പള്ളിയുടെ പ്രശ്‌നത്തില്‍ കത്തിയാളിയപ്പോള്‍ കേരളത്തില്‍ മതേതര മനസ്സിന് കാവല്‍ നിന്ന പ്രസ്ഥാനമാണതെന്ന് മറക്കരുത്. ചരിത്രത്തെ ഒറ്റക്കണ്ണിലൂടെ നോക്കുന്ന ചലച്ചിത്രകാരന്മാര്‍ വിതക്കുന്ന വിദ്വേഷ വിത്തുകളില്‍ നിന്ന് വിള കൊയ്യുന്നവര്‍ സംഘപരിവാറാണെന്ന് മറക്കേണ്ട.

താനൊരു ഇടതു പക്ഷക്കാരനാണെന്ന് പറയുന്ന മഹേഷ് നാരായണന്‍ കേരളത്തിന് പുറത്തും, അകത്തും കാവി പ്രസ്ഥാനത്തിനോട് അന്തര്‍ധാരയുള്ള പിണറായി വിജയന്റെ ഒക്കച്ചങ്കാവാന്‍ സര്‍വ്വഥാ യോഗ്യനാണെന്ന് മാലിക് പറഞ്ഞു വെക്കുന്നു

Tags: