തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം. രണ്ടാമത്തെ പരാതിയിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണണെന്ന് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. വിധി പറയുന്നതുവരെ അറസ്റ്റ് തടയണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തെന്നാണ് പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാല്‍സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
കേസില്‍ അതിജീവിത അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ ചുമതലയുള്ള എഐജി പൂങ്കുഴലി ബെംഗളൂരുവിലെത്തിയാണ് 23 കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. 21 വയസുള്ളസമയത്താണ് വിവാഹവാഗ്ദനം നല്‍കി രാഹുല്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഭാവി കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയെന്നും ക്രൂരമായി ബലാല്‍സംഗം ചെയ്തെന്നും യുവതിയുടെ മൊഴിയിലുണ്ട്.
അതേസമയം, ആദ്യ പീഡനക്കേസില്‍ ജില്ലാക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
