ഇടുക്കി: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. എഐസിസിയുടെ അനുമതി ലഭിച്ചതോടെയാണ് തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നുള്ള പ്രാഥമികാംഗത്വമാണ് റദ്ദാക്കിയത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് തീരുമാനം. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇതു സംബന്ധിച്ച ചാറ്റുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രതിക്ക് ജാമ്യം നല്‍കരുതെന്നും സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നയാളാണെന്നും തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുല്‍ ഒളിവിലാണെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രാഹുല്‍ യുവതിയുടെ ഫ്‌ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കി സമ്മര്‍ദം ചെലുത്തിയതിനെതുടര്‍ന്നാണ് രാഹുലിന്റെ സുഹൃത്തായ ജോബിയില്‍ നിന്ന് ഗുളിക വാങ്ങേണ്ടിവന്നതെന്നാണ് യുവതിയുടെ മൊഴിയെന്നും ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.