കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് ആദ്യ ബലാല്‍സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ രാഹുലിനെതിരേ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജറാകണമെന്ന് കോടതി നിര്‍ദേശിച്ചു. അന്ന് ഹാജറാകുന്നത് കസ്റ്റഡിയായി കണക്കാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് പുറത്ത് പോകരുത്, രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ നിബന്ധനകളും കോടതി മുന്നോട്ടുവച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പരാതിക്കാരിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നാരോപിച്ച് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജാമ്യം അനുവദിച്ചാല്‍ സ്വന്തം ജീവന് ഭീഷണിയുണ്ടാകുമെന്നും, സമാന രീതിയില്‍ മറ്റു പെണ്‍കുട്ടികളും പീഡനത്തിനിരയായിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. എന്നാല്‍ പരാതിക്കാരിയുടെ മൊഴി പരിശോധിച്ചപ്പോള്‍ ബലാല്‍സംഗം നടന്നതായി പ്രാഥമികമായി വിലയിരുത്താന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹിതയായ സ്ത്രീ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായും ധാര്‍മികമായും കുറ്റകരമല്ലെന്നും, അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നഗ്‌നദൃശ്യങ്ങള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ അനുയോജ്യമായ അധിക വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ മൂന്നാമത്തെ ബലാല്‍സംഗ കേസില്‍ 18 ദിവസത്തെ ജയില്‍വാസത്തിനുശേഷം പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ കഴിയുന്ന രാഹുല്‍, കോടതി ഉത്തരവിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്ന് വൈകുന്നേരത്തിന് മുന്‍പായി ജയില്‍മോചിതനാകുമെന്നാണ് വിവരം.
