രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് വിലക്ക്; ഉസ്മാനിയ സര്‍വകലാശാലയില്‍ പ്രതിഷേധം കനക്കുന്നു; 17 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

Update: 2022-05-02 11:57 GMT

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെതിരേ ഉസ്മാനിയ സര്‍വകലാശാലാ കാംപസില്‍ പ്രതിഷേധം ശക്തമാകുന്നു. മെയ് ഏഴിനാണ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്.

സന്ദര്‍ശനത്തിനെതിരേയുള്ള അധികൃതരുടെ നിലപാടിനെതിരേ സമരം ചെയ്ത ഉസ്മാനിയ സര്‍വകലാശാല ജോയിന്റ് ആക്ഷന്‍ കമ്മിറ്റി നേതാക്കളെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

തെലങ്കാന രാഷ്ട്രസമിതി സര്‍ക്കാരിനുവേണ്ടിയാണ് സന്ദര്‍ശന വിലക്കേര്‍പ്പെടുത്തിയതെന്നാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സമരത്തിന്റെ സാഹചര്യത്തില്‍ കാംപസില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

കഴിഞ്ഞ ദിവസം എന്‍എസ്‌യുഐ നേതാവ് വെങ്കട്ട് ബല്‍മൂറും സഹപ്രവര്‍ത്തകരും സര്‍വകലാശാല ഓഫിസില്‍ ഇടിച്ച് കയറി ആക്രമണം നടത്തിയിരുന്നു. അവര്‍ ഓഫിസിലെ ചില്ല് വാതിലുകള്‍ തകര്‍ത്തു. വൈസ് ചാന്‍സിലര്‍ മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

വെങ്കട്ട് ബല്‍മൂര്‍ അടക്കം 17 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  

Tags:    

Similar News