'പൊലിസ് ഫോട്ടോഗ്രഫര്‍ ചിത്രമെടുത്തശേഷവും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചു'; പോലിസിനെതിരേ വീഡിയോ തെളിവ് പുറത്തുവിട്ട് കോണ്‍ഗ്രസ്

Update: 2022-07-04 10:08 GMT

തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ ഓഫിസിലെ ഗാന്ധിചിത്രം തകര്‍ത്ത സംഭവത്തില്‍ പോലിസ് റിപോര്‍ട്ടിനെതിരെ പുതിയ തെളിവുകളുമായി കോണ്‍ഗ്രസ്. ആക്രമണം നടന്നതിന്റെ ദൃശ്യങ്ങള്‍ പോലിസ് ഫോട്ടോ-വീഡിയോഗ്രഫര്‍മാര്‍ പകര്‍ത്തിയശേഷവും വീണ്ടും ആക്രമണം നടന്നെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ടി സിദ്ദിഖ് എംഎല്‍എയും അവകാശപ്പെടുന്നത്. അതിന്റെ തെളിവുകളാണെന്ന് അവകാശപ്പെട്ടുകൊണ്ട് വീഡിയോയും പുറത്തുവിട്ടു. വീഡിയോ വെരിഫൈ ചെയ്തിട്ടില്ല. 

ആദ്യ ആക്രമണം നടന്നശേഷം വീണ്ടും വിദ്യാര്‍ത്ഥികള്‍ പിന്‍ഭാഗത്തെ വാതില്‍വഴി കയറിയെന്നും പോലിസുകാര്‍ വിദ്യാര്‍ത്ഥിയെ തോളില്‍ത്തട്ടി പ്രോല്‍സാഹിപ്പിച്ചുവെന്നും പ്രേരിപ്പിച്ചുവെന്നും നേതാക്കള്‍ ആരോപിച്ചു.

പുറത്തുവന്ന വീഡിയോയില്‍ ഒരു വിദ്യാര്‍ത്ഥി കോണിപ്പടികള്‍ കയറി വാതിലിലേക്ക് നടക്കുന്നതും പുറത്തിറങ്ങിപ്പോകുന്ന പോലിസുകാരന്‍ പുറത്തുതട്ടി പ്രോല്‍സാഹിപ്പിക്കുന്നതും കാണാം. എന്നാല്‍ വീഡിയോ രാഹുല്‍ഗാന്ധിയുടെ ഓഫിസ് ഇരിക്കുന്ന കെട്ടിടത്തിലേതാണോ എന്ന് വ്യക്തമല്ല.

''പോലീസ് വന്ന് ചിത്രങ്ങള്‍ എടുത്ത ശേഷവും എസ്എഫ്‌ഐ ഗുണ്ടകള്‍ ശ്രീ.രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫിസില്‍ അക്രമം നടത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കാന്‍ എസ്എഫ്‌ഐക്കാരനെ പുറത്തുതട്ടി പ്രോത്സാഹിപ്പിച്ച് ഓഫിസിനകത്തേക്കു പറഞ്ഞു വിടുന്ന കേരളാ പോലിസ്''- എംഎല്‍എ ടി സിദ്ദിഖ് ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. പോസ്റ്റിനോടൊപ്പം വീഡിയോയും പങ്കുവച്ചിട്ടുണ്ട്. 

Full View

മുഖ്യമന്ത്രിയുടെ ആരോപണത്തിന് പോലിസ് തിരക്കഥ തയ്യാറാക്കുകയാണെന്ന് നേരത്തെ കെ സി വേണുഗോപാലും ആരോപിച്ചിരുന്നു: 'സംഭവം നടന്നതിന് ശേഷം 4.05ന് ഗാന്ധിയുടെ ഫോട്ടോ അവിടെ ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്. അന്ന് 4.15 നും 4.30 നും ഇടയില്‍ വയനാട് എസ്പിയെ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. എസ്എഫ്‌ഐക്കാര്‍ ഓഫിസില്‍ കയറിയത് പിന്നിലൂടെയാണ്, അക്രമികളെ പോലിസ് പുറംതട്ടി പ്രോല്‍സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. അക്രമസംഭവം നടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെയില്ലായിരുന്നു. ഓഫിസ് സ്റ്റാഫുകളെ മര്‍ദ്ദിച്ചവശരാക്കി കേസെടുക്കുമെന്ന് പേടിപ്പിക്കേണ്ട' വാദിയെ പ്രതിയാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുയര്‍ന്നേക്കാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു.

Tags:    

Similar News