രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന അവലോകനം റീട്വീറ്റ് ചെയ്ത് ശശി തരൂര്‍; കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ചകള്‍

Update: 2025-12-15 07:02 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി എഐസിസി പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിന്റെ നിലവിലെ രാഷ്ട്രീയ സമീപനത്തെയും വിമര്‍ശിക്കുന്ന ഒരു അവലോകനം എക്‌സില്‍ തരൂര്‍ റീട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിനുള്ളില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും പ്രതിനിധീകരിക്കുന്നത് രണ്ടു വ്യത്യസ്ത പ്രത്യയശാസ്ത്ര പ്രവണതകളാണെന്നും, ഇവയെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അവലോകനത്തില്‍ പറയുന്നു. സിവിതാസ് സമീര്‍ എന്നയാളാണ് ഈ വിലയിരുത്തല്‍ പങ്കുവച്ചത്.

1990കളില്‍ പുതുമയുള്ള കാഴ്ചപ്പാടുകളും ബദല്‍ നയങ്ങളും മുന്നോട്ടുവച്ച പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസെന്നും, എന്നാല്‍ രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് വന്നതിനു ശേഷം പാര്‍ട്ടിയുടെ രാഷ്ട്രീയ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും അവലോകനത്തില്‍ വിമര്‍ശിക്കുന്നു. ബദല്‍ നയങ്ങളും വ്യക്തമായ രാഷ്ട്രീയ ദിശയും ഉള്ള നേതാവാണ് ശശി തരൂരെന്നും, എന്നാല്‍ കോണ്‍ഗ്രസ് ക്രമാതീതമായി എല്ലാത്തിനെയും എതിര്‍ക്കുന്ന പാര്‍ട്ടിയായി മാറുകയാണെന്നും കുറിപ്പില്‍ പറയുന്നു.

നയപരമായ വ്യക്തത നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ശശി തരൂരിനെപ്പോലുള്ള നേതാക്കളെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കുന്നുവെന്ന ആരോപണവും അവലോകനത്തില്‍ ഉയര്‍ത്തുന്നുണ്ട്. ഈ വിമര്‍ശനങ്ങളെ ശരിവെക്കുന്ന തരത്തിലാണ് ശശി തരൂര്‍ അവലോകനം റീട്വീറ്റ് ചെയ്തിരിക്കുന്നത്.

Tags: