രാഹുല്‍ ഗാന്ധിയുടെ 'ഹൈഡ്രജന്‍ ബോംബ്' പത്രസമ്മേളനം അല്‍പ്പസമയത്തിനകം

Update: 2025-09-18 04:59 GMT

ന്യൂഡല്‍ഹി: 'വോട്ട് മോഷണ'ത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ ഒരു 'ഹൈഡ്രജന്‍ ബോംബ്' ഉടന്‍ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി. അല്‍പ്പസമയത്തിനകം പത്രസമ്മേളനം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തെളിവുകള്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ മുഖേന കാണിച്ചാണ് അദ്ദേഹം അന്ന് പത്രസമ്മേളനം നടത്തുന്നത്. തുടര്‍ന്ന് വോട്ട് മോഷണം ആരോപിച്ച് അദ്ദേഹം വിവിധയിടങ്ങളില്‍ പദയാത്ര നടത്തിയിരുന്നു. 15 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്രയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. 'വോട്ട് ചോരി, ഗദ്ദി ഛോഡ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പദയാത്ര ആഗസ്റ്റ് 17ന് ആരംഭിച്ച്, സെപ്റ്റംബര്‍ ഒന്നിന് ഗാന്ധി മൈതാനത്ത് നടത്തുന്ന മഹാറാലിയോടെ അവസാനിച്ചു.

വോട്ട് മോഷണവുമായി ബന്ധപ്പെട്ട ആദ്യ പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച വസ്തുതകള്‍ ഇങ്ങനെ,

മഹാരാഷ്ട്രയില്‍ അസാധാരണ പോളിങ്ങാണ് നടന്നതെന്നും 5 മണി കഴിഞ്ഞപ്പോള്‍ പോളിങ് പലയിടത്തും കുതിച്ചുയര്‍ന്നെന്നും പറഞ്ഞ രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷന്‍ വോട്ടര്‍ പട്ടിക നല്‍കിയില്ല എന്നും പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നശിപ്പിച്ചെന്നും കൂട്ടിചേര്‍ത്തു. ഇതിനായി കമ്മിഷന്‍ നയം മാറ്റി.

കര്‍ണാടകയിലും വലിയ തോതിലുള്ള ക്രമക്കേട് നടന്നു. ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നതായി രാഹുല്‍ഗാന്ധി പറഞ്ഞു. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ മോഷണം നടന്നെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഭൂരിഭാഗവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ലീഡ് നിലനിര്‍ത്തിയപ്പോള്‍, അന്തിമഫലങ്ങള്‍ പ്രകാരം ബിജെപിയുടെ പിസി മോഹന്‍ 32,707 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തില്‍ ഒരു ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍, അസാധുവായ വിലാസങ്ങള്‍, ബള്‍ക്ക് വോട്ടര്‍മാര്‍ എന്നിവരെ കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര ഗവേഷണത്തില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

Tags: