രാഹുല്‍ഗാന്ധി സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; കടുത്ത ആരോപണവുമായി ബിജെപി പ്രസിഡന്റ് ജെ പി നദ്ദ

Update: 2020-07-06 15:35 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ബിജെപി നേതാവ് രംഗത്ത്. ബിജെപിയുടെ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ കടുത്ത ആരോപണമുന്നയിച്ചത്.

പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റിയുടെ ഒരു യോഗത്തില്‍ പോലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പങ്കെടുക്കുന്നില്ലെന്നും എന്നിട്ടും രാജ്യത്തെയും സൈന്യത്തെയും അപകീര്‍ത്തിപ്പടുത്താനാണ് രാഹുലിന്റെ ശ്രമമെന്നും നദ്ദ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് നദ്ദയുടെ പ്രതികരണം. 

കമ്മിറ്റികളെ കാര്യമായെടുക്കാത്ത കമ്മീഷന്‍ മാത്രം ഉന്നംവയ്ക്കുന്ന വംശത്തിലാണ് രാഹുല്‍ ഗാന്ധി പിറന്നതെന്നും കോണ്‍ഗ്രസ്സില്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലപോലെ അറിയാവുന്ന നിരവധി പേരുണ്ടെങ്കിലും അവരെ വളരാന്‍ അനുവദിക്കില്ലെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. 


ലഡാക്കിലെ ദേശാഭിമാനികളുടെ ശബ്ദം ശ്രദ്ധിക്കണമെന്നും അവരെ കേള്‍ക്കാതിരിക്കുന്നതുവഴി രാജ്യത്തെ തന്നെയാണ് നഷ്ടപ്പെടുകയെന്നും രാഹുല്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു.

ലഡാക്കിലെ രാജ്യസ്‌നേഹികള്‍ ചൈനീസ് കടന്നുകയറ്റത്തിനെതിരേ ശബ്ദമുയര്‍ത്തുന്നു. അവര്‍ വിലപിക്കുന്നു, മുന്നറിയിപ്പുനല്‍കുന്നു. അവരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് രാജ്യം തന്നെയായിരിക്കും. ഇന്ത്യയ്ക്കുവേണ്ടി അവരുടെ ശബ്ദം കേള്‍ക്കണം''-രാഹുല്‍ ട്വീറ്റ് ചെയ്തു.

ഗല്‍വാന്‍ താഴ്‌വരയിലെ കടന്നുകയറ്റം നടക്കുന്നതിനു മുമ്പ് അതിര്‍ത്തി കടന്നുകയറിയതിന്റെ തെളിവുകളും രാഹുല്‍ പങ്കുവച്ചു.

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തിയ്ക്കടുത്ത ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ സേന മേധാവി ജനറല്‍ ബിപിന്‍ രാവത്തും ആര്‍മി മേധാവി ജനറല്‍ മനോജ് മുകുന്ദ് നവരനെയും ലഡാക്കിലെത്തി. 

Tags:    

Similar News