രാഹുല്‍ ഗാന്ധി അറസ്റ്റില്‍

Update: 2022-07-26 07:29 GMT

ന്യൂഡല്‍ഹി: സോണിയാഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരേ വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു.

പാര്‍ലമെന്റിനടുത്ത് രജ്പത്ത് സ്ട്രീറ്റില്‍ കുത്തിയിരുന്ന രാഹുലിനെ വളഞ്ഞുവച്ചശേഷമാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. നിരവധി സര്‍ക്കാര്‍ ഓഫിസുകളും പാര്‍ലമെന്റും സ്ഥിതിചെയ്യുന്ന പ്രദേശമാണ് രജ്പത്.

പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിനെതിരേയാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് പ്രതിഷേധിച്ചത്. കൂടാതെ വിലക്കയറ്റം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചു.

സംഘര്‍ഷം ഏകദേശം 30 മിനിറ്റ് നീണ്ടുനിന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്. മറ്റ് എംപിമാരെ അറസ്്റ്റ് ചെയ്ത് ഇരുത്തിയ അതേ ബസിലേക്ക് രാഹുലിനെയും കയറ്റുകയായിരുന്നു.

'ഇന്ത്യ ഒരു പോലിസ് സ്‌റ്റേറ്റായി മാറിക്കഴിഞ്ഞു. നരേന്ദ്ര മോദി രാജാവ്'- അറസ്റ്റിന് മുമ്പ് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദീര്‍ഘനേരം പോലിസ് കൂടിയാലോചിച്ച ശേഷമാണ് രാഹുലിനെ പോലിസ് അറസ്റ്റ് ചെയ്തത്.

ഇഡിയുടെ ചോദ്യ ചെയ്യലിന് ഹാജരാവാന്‍ സോണിയാഗാന്ധി ഇന്ന് ഇഡി ഓഫിസിലെത്തിയിട്ടുണ്ട്. അതിനെതിരേ കോണ്‍ഗ്രസ് ദേശവ്യാപകമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി നടന്ന പ്രതിഷേധത്തിലാണ് രാഹുല്‍ അറസ്റ്റിലായത്.

സോണിയയെ ഇന്നലെ ചോദ്യം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടക്കുന്നതുകൊണ്ടാണ് ചോദ്യംചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണത്തിന്റെ ചുവട് പിടിച്ചുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. എന്നാല്‍, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണകൂടത്തിന്റെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ വേട്ടയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. നേരത്തേ തെളിവില്ലെന്ന് കണ്ട് ഇഡി അവസാനിപ്പിച്ച കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം തുടരാനായിരുന്നു സുപ്രിംകോടതിയും നിര്‍ദേശിച്ചത്.

സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യത്തെ സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.