മുന്‍ ഗുണ്ടാ നേതാവിന്റെ ഭാര്യയ്ക്ക് പാര്‍ട്ടി ടിക്കറ്റ്: രഘുവന്‍ഷ് സിങിന്റെ മകന്‍ ആര്‍ജെഡി വിട്ടു

Update: 2020-10-09 04:32 GMT

പട്‌ന: മുതിര്‍ന്ന ആര്‍ജെഡി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അന്തരിച്ച രഘുവന്‍ഷ് പ്രസാദ് സിങ്ങിന്റെ മകന്‍ സത്യപ്രകാശ് സിങ് ആര്‍ജെഡി വിട്ട് ജെഡിയുവില്‍ ചേര്‍ന്നു. മുന്‍ ഗുണ്ടയും പിന്നീട് രാഷ്ട്രീയക്കാരനുമായ രാം സിങ്ങിന്റെ ഭാര്യയ്ക്ക് നിയമസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സത്യപ്രകാശ് സിങ് രാജിവച്ചത്.

സത്യപ്രകാശ് സിങ്ങിനെ ജെഡിയു സംസ്ഥാന പ്രസിഡന്റ് ബസിസ്ത നാരായണ്‍ സിങ് പാര്‍ട്ടി അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് പ്രേവശിപ്പിച്ചു.

വൈശാലി ജില്ലയിലെ മഹ്നര്‍ നിയോജകമണ്ഡലത്തില്‍ രാംസിങ്ങിന്റെ ഭാര്യയ്ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കി തൊട്ടടുത്ത ദിവസമാണ് സത്യപ്രകാശ് പാര്‍ട്ടി വിട്ടത്.

രാം സിങ്ങിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് നേരത്തെ മുതല്‍ ആര്‍ജെഡിയില്‍ വലിയ വിവാദമായിരുന്നു. അന്തരിച്ച രഘുവന്‍ഷ് സിങ് ഇതിന്റെ പേരില്‍ ഐസിയുവില്‍ നിന്നാണ് ജയിലില്‍ കഴിയുന്ന നേതാവ് ലാലു പ്രസാദ് യാദവിന് രാജിക്കത്തയച്ചത്. രാജി വയക്കേണ്ടെന്നും ഇക്കാര്യത്തില്‍ അസുഖം ഭേദമായി വന്നശേഷം തീരുമാനമെടുക്കാമെന്നും ലാലു പ്രസാദ് മറുപടി അയച്ചു. അന്ന് മാറ്റിവച്ച കാര്യമാണ് ഇപ്പോള്‍ രഘുവന്‍ഷിന്റെ മരണശേഷം പാര്‍ട്ടി നടപ്പാക്കുന്നത്.

ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയായ രഘുവന്‍ഷ് ആണ് രാജ്യത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഉപജ്ഞാതാവ്.

Tags:    

Similar News