മസ്‌കത്ത്: ഒമാന്‍ സുല്‍ത്താനേറ്റിന്റെ ആകാശത്ത് ഇന്ന് രാത്രിയും നാളെ പുലര്‍ച്ചെയും ക്വാഡ്രന്റിഡ് ഉല്‍ക്കവര്‍ഷം ദൃശ്യമാകുമെന്ന് ഒമാനി സൊസൈറ്റി ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് അറിയിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളതും അതീവ വിപുലവുമായ ഉല്‍ക്കവര്‍ഷങ്ങളിലൊന്നായ ക്വാഡ്രന്റിഡ്, പുതുവര്‍ഷാരംഭത്തോടെയാണ് പരമാവധി തീവ്രതയിലെത്തുന്നത്. അനുകൂലമായ നിരീക്ഷണ സാഹചര്യങ്ങളില്‍ ഒരു മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ കാണാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 28 മുതല്‍ ജനുവരി 12 വരെ ആകാശത്ത് ദൃശ്യമാകുന്ന ഈ ഉല്‍ക്കവര്‍ഷം, ഇന്ന് വൈകുന്നേരം മുതല്‍ നാളെ വരെയാണ് ഉച്ചസ്ഥായിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. അര്‍ധരാത്രിക്ക് ശേഷം പ്രകാശ മലിനീകരണം കുറഞ്ഞ ഇരുണ്ട പ്രദേശങ്ങളിലാണ് ഉല്‍ക്കകളെ വ്യക്തമായി നിരീക്ഷിക്കാന്‍ കഴിയുക.
ക്വാഡ്രന്റിഡ് ഉല്‍ക്കവര്‍ഷത്തിന്റെ ഉറവിടം 2003 ഇഎച്ച്1 എന്നറിയപ്പെടുന്ന ഭൂമിക്ക് സമീപമുള്ള ഒരു ഗോളവസ്തുവുമായി ബന്ധപ്പെട്ടതാണെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. 2003ല്‍ കണ്ടെത്തിയ ഈ വസ്തു സൂര്യനെ ചുറ്റി ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഏകദേശം അഞ്ചര വര്‍ഷം കൊണ്ടാണ് ഇത് ഒരു പൂര്‍ണ ഭ്രമണം പൂര്‍ത്തിയാക്കുന്നത്. ഈ ദീര്‍ഘയാത്രയ്ക്കിടെ അതിശക്തമായ താപനില വ്യത്യാസങ്ങള്‍ക്കും ഈ വസ്തു വിധേയമാകുന്നു.
ക്വാഡ്രന്റിഡ് ഉല്‍ക്കവര്‍ഷവുമായി ബന്ധപ്പെട്ട കണങ്ങള്‍, സാധാരണ ധൂമകേതുക്കളിലെ അവശിഷ്ടങ്ങളെക്കാള്‍ കൂടുതല്‍ സാന്ദ്രവും ഘനവുമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് ഈ ഉല്‍ക്കവര്‍ഷത്തിന് കൂടുതലായ തെളിച്ചവും ചുരുങ്ങിയ ദൈര്‍ഘ്യമുള്ള ശക്തമായ ഉച്ചസ്ഥായിയും ഉണ്ടാകുന്നത്. ഉയര്‍ന്ന വേഗതയും ശക്തമായ പ്രകാശവുമാണ് ക്വാഡ്രന്റിഡ് ഉല്‍ക്കകളുടെ മറ്റൊരു സവിശേഷത. പലപ്പോഴും നീലഛായയുള്ള വെളുത്ത നിറത്തിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ചില ഉല്‍ക്കകള്‍ ഏതാനും സെക്കന്‍ഡുകള്‍ വരെ നിലനില്‍ക്കുന്ന പുകമഞ്ഞുപോലുള്ള പാതകള്‍ ആകാശത്ത് അവശേഷിപ്പിക്കുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
