ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ അപ്രഖ്യാപിത സൗദി സന്ദര്‍ശനം: നയതന്ത്രപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് സൂചന

രണ്ടു വര്‍ഷമായി നിലനില്‍ക്കുന്ന നയതന്ത്രപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു സന്ദര്‍ശനമെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

Update: 2019-11-30 15:18 GMT

റിയാദ്: ഖത്തര്‍ വിദേശകാര്യമന്ത്രി സൗദി തലസ്ഥാനമായ റിയാദിലേക്ക് അപ്രഖ്യാപിത സന്ദര്‍ശനം നടത്തിയിരുന്നെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലും റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയും റിപോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷമായി നിലനില്‍ക്കുന്ന നയതന്ത്രപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു സന്ദര്‍ശനമെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

വിദേശകാര്യ മന്ത്രി ഷേയ്ക് മൊഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ താനി സന്ദര്‍ശനത്തോടനുബന്ധിച്ച് സൗദിഅറേബ്യയിലെ സീനിയര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ രാജ്യത്തിനുള്ള താല്പര്യവും മന്ത്രി പ്രകടിപ്പിച്ചതായി സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു.

സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാനുമായി മന്ത്രി കൂടിക്കാഴ്ച നടന്നിരുന്നോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

കഴിഞ്ഞ മെയില്‍ അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഉന്നത ഉദ്യോഗസ്ഥര്‍ സൗദി സന്ദര്‍ശിച്ചതിനു ശേഷം ഇതാദ്യമാണ് ഇത്തരമൊരു സന്ദര്‍ശനം.

2017 ജൂണ്‍ മുതല്‍ സൗദി, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായി കര, സമുദ്ര, വായു ഉപരോധത്തിലാണ്. ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിക്കുന്നുവെന്നാണ് മറ്റ് രാജ്യങ്ങളുടെ ആരോപണം. ഉപരോധം പിന്‍വലിക്കുന്നതനായി അല്‍ ജസീറ അടച്ചു പൂട്ടുക തുടങ്ങി 13 നിര്‍ദേശങ്ങളാണ് ഖത്തറിനു മുന്നില്‍ വച്ചിരിക്കുന്നത്. 

Tags:    

Similar News