ബേപ്പൂരില്‍ പി വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനവുമായി കെപിസിസി അധ്യക്ഷന്‍
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ പി വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ബേപ്പൂരില്‍ അന്‍വര്‍ ജയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ആദ്യമായാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഔദ്യോഗിക നേതൃത്വത്തില്‍ നിന്ന് പ്രതികരണം ഉണ്ടാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു.
ബേപ്പൂരില്‍ ഇതിനോടകം തന്നെ അന്‍വര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരുന്നുണ്ട്. യുഡിഎഫില്‍ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അന്‍വര്‍ ബേപ്പൂരില്‍ സജീവമായത്. ബേപ്പൂരില്‍ ഫ്ളക്സും ബോര്‍ഡുകളും സ്ഥാപിച്ചതിനു പിന്നാലെ അന്‍വര്‍ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സജീവമായിരുന്നു. ലീഗ് നേതാവ് എം സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വര്‍ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരേ അന്‍വറിലൂടെ ശക്തമായ മല്‍സരം കാഴ്ച വയ്ക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരില്‍ വിജയിച്ചത്. എന്നാല്‍ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാനായി.