പുഴയ്ക്കല്‍പാടം വ്യവസായ സമുച്ചയങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കും: ജില്ലാ കലക്ടര്‍

Update: 2022-08-29 15:14 GMT

തൃശൂര്‍: പുഴയ്ക്കല്‍ പാടത്തെ രണ്ട് ബഹുനില വ്യവസായ സമുച്ചയങ്ങള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

വ്യവസായ സമുച്ചയങ്ങളിലേക്ക് വലിയ യന്ത്രങ്ങള്‍ ഉള്‍പ്പെടെ കൊണ്ടുപോവുന്നതിന് ആവശ്യമായ റോഡ് നിര്‍മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധനാ നടപടികള്‍ പൂര്‍ത്തിയായി. ഉടന്‍ തന്നെ പ്രവൃത്തി ടെണ്ടര്‍ ചെയ്യാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മൂന്നു മാസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോംപൗണ്ടിനകത്തേക്ക് താല്‍ക്കാലികമായി മറ്റൊരു റോഡ് നിര്‍മിക്കുന്നതിന്റെ സാധ്യത പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രധാന റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ചെറിയ യന്ത്രങ്ങളും സംരംഭം തുടങ്ങുന്നതിനുള്ള സ്ഥലം സജ്ജീകരിക്കുന്നതിനുള്ള സാധന സാമഗ്രികളും എത്തിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണിത്. ഇരു ഭാഗത്തേക്കുമായി നാലുവരിയില്‍ നിര്‍മിക്കുന്ന പ്രധാന റോഡിന്റെ പ്രവൃത്തികള്‍ വേഗത്തിലാക്കാനും ഇത് ഉപകരിക്കും. വ്യവസായ സമുച്ചത്തിലെ മൂന്ന് നില കെട്ടിടത്തിലെ ലിഫ്റ്റുകളുടെ നിര്‍മാണം രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാനും ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വ്യവസായ സമുച്ചയം പ്രവര്‍ത്തനക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അവലോകനം ചെയ്യുന്നതിന് അടുത്തയാഴ്ച ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേരും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നിലവില്‍ അറുപതിലേറെ സംരംഭകര്‍ സമുച്ചയത്തില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് കൃപകുമാര്‍ യോഗത്തില്‍ അറിയിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സന്നദ്ധത അറിയിച്ച് 120 സംരംഭകര്‍ മുന്നോട്ടുവന്നിട്ടുണ്ട്. നിര്‍മാണങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് അവര്‍ക്കും സമുച്ചയത്തില്‍ സ്ഥലം അനുവദിക്കാനാവും. നിലവില്‍ പ്രകൃതി സൗഹൃദ വ്യവസായങ്ങളായ വൈറ്റ്, ഗ്രീന്‍ വിഭാഗം സംരംഭങ്ങള്‍ക്കു മാത്രമാണ് സമുച്ചയത്തില്‍ അനുമതി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 120 കോടി രൂപയുടെയും രണ്ടാം ഘട്ടത്തില്‍ 150 കോടി രൂപയുടെയും നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയുടെ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് 11.4 ഏക്കറില്‍ 43 കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പുഴയ്ക്കല്‍ പാടം വ്യവസായ സമുച്ചയങ്ങള്‍ രണ്ടേകാല്‍ ലക്ഷത്തിലേറെ ചതുരശ്ര അടിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

വ്യവസായ സമുച്ചയം സന്ദര്‍ശന വേളയില്‍ ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് കൃപകുമാര്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയകുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Tags:    

Similar News