മാള: മുകുന്ദപുരം താലൂക്കിലെ ഏറ്റവും വിസ്തൃതി കൂടിയ പുത്തന്‍ചിറ വില്ലേജ് വിഭജനം യാഥാര്‍ത്ഥ്യമായില്ല. സമീപത്തുള്ള മറ്റ് ഗ്രാമപഞ്ചായത്തുകളിലൊക്കെ മൂന്നും, നാലും വില്ലേജ് ഓഫിസുകളുള്ളപ്പോള്‍ 22.29 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ ഒരേ ഒരു വില്ലേജ് ഓഫിസ് മാത്രമാണ് ഉള്ളത്. വില്ലേജ് പരിഷ്‌കരണ കാലഘട്ടത്തിലുള്ള സ്റ്റാഫ് പാറ്റേണാണ് ഇവിടെ ഇപ്പോഴും തുടര്‍ന്നുവരുന്നത്. അതനുസരിച്ച് വില്ലേജ് ഓഫിസറടക്കം ആറ് ജീവനക്കാരാണുള്ളത്.
നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫിസര്‍ സ്ഥലംമാറിപ്പോയതിനെത്തുടര്‍ന്ന് അഞ്ച് ജീവനക്കാരാണ് ഇപ്പോള്‍ പുത്തന്‍ചിറ വില്ലേജ് ഓഫിസില്‍ ഉള്ളത്. മുന്‍ കാലങ്ങളില്‍ നിന്ന് വിത്യസ്തമായി വസ്തുസംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ കൂടാതെ നിരവധിയായ സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള സേവനങ്ങളാണ് വില്ലേജ് ഓഫിസില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ദിനംപ്രതി ലഭിക്കേണ്ടത്.
ഭൂനികുതി അടക്കുന്നതൊഴിച്ച് മറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാകുന്നുണ്ട്.
ഋ461 സര്‍വ്വേ നമ്പറുകളിലായി ആയിരത്തിലധികം വരുന്ന അതിന്റെ സബ്ഡിവിഷനുകളിലുമായി പതിനയ്യായിരത്തിലധികം തണ്ടപേരുകളിലുള്ളവരാണ് പുത്തന്‍ചിറ വില്ലേജില്‍ ഭൂനികുതി അടക്കാനുള്ളത്. ഭൂനികുതി ഓണ്‍ലൈനായി അടക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
പഴയ തിരുവിതാംകൂര്‍ സിസ്റ്റമാണ് പുത്തന്‍ചിറ വില്ലേജില്‍ ഇപ്പോഴും ഉള്ളത്. പല രേഖകളും ആധികാരികമായി ലഭ്യമല്ല. അതുകൊണ്ട് പുത്തന്‍ചിറ വില്ലേജില്‍ റീ സര്‍വ്വേ അത്യാവശ്യമാണ്. അതിന് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കണം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് വളരെ വേഗത്തില്‍ റീ സര്‍വ്വേ പൂര്‍ത്തികരിക്കാന്‍ സാധിക്കും. അതോടൊപ്പം പുത്തന്‍ചിറയുടെ കിഴക്കന്‍ മേഖലയില്‍ ഒരു പുതിയ വില്ലേജ് ഓഫിസ് എന്ന കാലങ്ങളായിട്ടുള്ള ആവശ്യം കൂടി അനുവദിക്കപ്പെടണം.
മുന്‍ കാലങ്ങളില്‍ പുത്തന്‍ചിറ നേടിയെടുത്ത വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്കൊപ്പം പുതിയ കാലത്തെ ചേര്‍ത്തു പിടിക്കണമെങ്കില്‍ റീസര്‍വ്വേയും, വില്ലേജ് വിഭജനവും പുത്തന്‍ചിറയില്‍ അനിവാര്യമാണെന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി എ നദീര്‍ പറഞ്ഞു.
