കര്‍ഷക സമരത്തെ പിന്തുണച്ച പഞ്ചാബി ഗായകന്‍ ജാസ്സി ബിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത കനേഡിയന്‍- പഞ്ചാബി ഗായകന്‍ ജാസ്സി ബിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചു. കര്‍ഷക സമരത്തിന് പിന്തുണനല്‍കി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഗായകന്റെ അക്കൗണ്ട് പൂട്ടാന്‍ സര്‍ക്കാര്‍ ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആയിരക്കണക്കിനു പേരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്ത് കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടത്തുന്നത്.
അക്കൗണ്ട് ഇന്ത്യയില്‍ മാത്രം കാണാത്ത രീതിയിലാണ് പൂട്ടിയിരിക്കുന്നത്. വിദേശ ഐപികളില്‍ നിന്ന് അക്കൗണ്ട് ദൃശ്യമാകും. കേന്ദ്ര സര്‍ക്കാര്‍ നിയമപരമായി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ ജാസ്സിയുടെ അക്കൗണ്ട് പൂട്ടിയതെന്ന് ട്വിറ്റര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നിയമപരമായി നോട്ടിസ് ലഭിച്ചപ്പോള്‍ ട്വിറ്ററിന്റെ നിയമവും പ്രാദേശിക നിയമവും വച്ച് പരിശോധിച്ചെന്നും തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്ന് മാത്രം കാണാത്ത രീതിയില്‍ അക്കൗണ്ടിനെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും ട്വിറ്റര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇതുസംബന്ധിച്ച അറിയിപ്പ് അക്കൗണ്ട് ഉടമക്ക് നല്‍കിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സമരത്തെ പിന്തുണക്കുന്നവരുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് ഇതാദ്യമല്ല. അല്ലാത്ത വിഷങ്ങളില്‍ പോസ്റ്റ് ഇട്ടവരുടെ അക്കൗണ്ടുകളും പൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരില്‍ കാരവന്‍ മാഗസിന്റെ അടക്കം 250ഓളം അക്കൗണ്ടുകളാണ് പൂട്ടിയത്.
