ജിയോ ടവര്‍ തകര്‍ത്ത് പ്രതിഷേധം: പഞ്ചാബ് ഹൈക്കോടതി പഞ്ചാബിനും കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് അയച്ചു

Update: 2021-01-05 09:05 GMT

ചണ്ഡിഗഢ്: കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലെ ജിയോ മൊബൈല്‍ ടവര്‍ തകര്‍ത്തവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് റിലയന്‍സ് സമര്‍പ്പിച്ച പരാതിയില്‍ പഞ്ചബിനും കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി നോട്ടിസ് അയച്ചു. സപ്തംബര്‍ മാസം കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്.

തങ്ങളുടെ ഉടമസ്ഥതയിലുള്ള 1500 ടവറുകള്‍ തകര്‍ത്തെന്നും അത് 14 ദശലക്ഷം വരുന്ന തങ്ങളുടെ വരിക്കാരെ ദോഷകരമായി ബാധിച്ചെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരം നടപടികള്‍ തങ്ങളുടെ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവനോപാധികള്‍ ഇല്ലാതാക്കും. തങ്ങളുടെ കച്ചവട എതിരാളികളാണ് ഇതിനു പിന്നിലെന്നും റിലയന്‍സ് ആരോപിച്ചു.

താങ്ങുവില സംവിധാനം അവസാനിപ്പിച്ച് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്ന ശുപാര്‍ശ നല്‍കുന്ന നിയമത്തിനെതിരേ പഞ്ചാബിലാണ് സമരം തുടങ്ങിയത്. പിന്നീട് അത് വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

മൊബൈല്‍ ടവറുകള്‍ക്കെതിരേ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ തങ്ങള്‍ കരാര്‍ കൃഷിയിലേക്കില്ലെന്ന പ്രസ്താവനയുമായി റിലയന്‍സ് രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുന്നതരത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ തങ്ങളുടെ വിതരണക്കാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് റിലയന്‍സ് അവകാശപ്പെട്ടു. 130 കോടി ഇന്ത്യക്കാരുടെ അന്നദാതാക്കളാണ് കര്‍ഷകരെന്നും കുറിപ്പില്‍ പറയുന്നു. കര്‍ഷക സമരക്കാരുടെ രോഷം പ്രധാനമായും റിലയന്‍സിനും അദാനിക്കുമെതിരേയാണ്. കാര്‍ഷിക നിയമത്തിന്റെ ഗുണഭോക്താക്കള്‍ ഈ രണ്ട് കമ്പനികളാണെന്നാണ് കര്‍ഷകര്‍ കരുതുന്നത്. പൊതുവെ സമരം സമാധാനപരമാണെങ്കിലും പഞ്ചാബിലും മറ്റുമായി 1500 ജിയോ ടവറുകളാണ് നശിപ്പിക്കപ്പെട്ടത്. പഞ്ചാബില്‍ 9000 ടവറുകളാണ് ജിയോയ്ക്കുള്ളത്. ടവറുകള്‍ക്കെതിരേ ആക്രമണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കഴിഞ്ഞ ആഴ്ച നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Similar News