'ഒരു എംഎല്‍എ-ഒരു പെന്‍ഷന്‍' ബില്ലിന് പഞ്ചാബ് സര്‍ക്കാരിന്റെ അനുമതി

Update: 2022-08-13 11:07 GMT

ഛണ്ഡീഗഢ്: ഒരു എംഎല്‍എ- ഒരു പെന്‍ഷന്‍ ബില്ലില്‍ പഞ്ചാബ് ഗവര്‍ണര്‍ ഒപ്പുവച്ചു. ഈ വര്‍ഷം ജൂണില്‍ സംസ്ഥാന നിയമസഭ പാസാക്കിയ 'ഒരു എംഎല്‍എ ഒരു പെന്‍ഷന്‍' ബില്ലിന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അനുമതി നല്‍കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആണ് അറിയിച്ചത്.

'ഒരു എംഎല്‍എ ഒരു പെന്‍ഷന്‍' ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയെന്ന് പഞ്ചാബികളെ അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്... സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് പൊതുജനങ്ങള്‍ നല്‍കുന്ന നികുതി ലാഭിക്കും,' മാന്‍ ട്വീറ്റ് ചെയ്തു.

പഞ്ചാബ് നിയമസഭ അംഗങ്ങളുടെ (പെന്‍ഷന്‍ ആന്‍ഡ് മെഡിക്കല്‍ ഫെസിലിറ്റീസ് റെഗുലേഷന്‍) ഭേദഗതി ബില്‍, 2022 ജൂണ്‍ 30നാണ് പാസാക്കിയത്. ഗണ്യമായ കടബാധ്യത നേരിടുന്ന സംസ്ഥാനത്ത് അധികാരത്തിലെത്തിയ എഎപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.

പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒരു എംഎല്‍എ എത്ര തവണ തിരഞ്ഞെടുക്കപ്പെട്ടാലും ഒരു ടേമിലേക്ക് മാത്രമേ പെന്‍ഷന്‍ ലഭിക്കൂ. ഈ നടപടിയിലൂടെ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ ലാഭിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍ ചട്ടം അനുസരിച്ച്, ഒരു എംഎല്‍എ തിരഞ്ഞെടുക്കപ്പെടുന്നതനുസരിച്ച് പെന്‍ഷനും വര്‍ധിക്കും. മൂന്ന് തവണ എംഎല്‍എയായ ഒരാള്‍ക്ക് ആദ്യ തവണയേക്കാള്‍ മൂന്നിരട്ടി തുക ലഭിക്കും.

നിയമസഭാംഗങ്ങള്‍ക്കുള്ള അലവന്‍സുകളും ആനുകൂല്യങ്ങളും ഇതിനനുസരിച്ച് മാറും.

Tags:    

Similar News